പാലാ: അധികാരികളേ... നിങ്ങളുടെ മൂക്കിൻതുമ്പിലല്ലേ ഈ അപകടം ഒടിഞ്ഞുതൂങ്ങി ആരുടെയെങ്കിലും തലയിൽ വീഴാൻ നിൽക്കുന്നത്? പാലാ സിവിൽ സ്റ്റേഷന് തൊട്ടുമുമ്പിൽ അപകടം തൂങ്ങിക്കിടപ്പുണ്ടെങ്കിലും അധികാരികൾക്ക് കാണാൻ കണ്ണില്ല.
സിവിൽ സ്റ്റേഷന് സമീപത്തെ ബൈപ്പാസിൽ നിന്ന് ളാലം വില്ലേജ് ഓഫീസിലേക്കും ളാലം ക്ഷേത്രത്തിലേക്കും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലേക്കുമൊക്കെ പോകുന്നവരുടെ മേൽ ഏതു നിമിഷവും ഒടിഞ്ഞുതൂങ്ങി നിൽക്കുന്ന കൂറ്റൻ മരശിഖരം വീണേക്കാം. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലാണ് മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുതൂങ്ങി അപകടകരമായ നിലയിൽ കിടക്കുന്നത്. സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലേക്കെത്തുന്നവരും ളാലം വില്ലേജ് ഓഫീസിലേക്കെത്തുന്നവരും പാലാ നഗരസഭയുടെ ഓപ്പൺ സ്റ്റേജിലേക്ക് പോകുന്നവരുമൊക്കെ ഇതുവഴിയാണ് യാത്ര തുടരുന്നത്. രാമായണ മാസമായതിനാൽ ളാലം മഹാദേവ ക്ഷേത്രത്തിലേക്കും ഇതുവഴി നിരവധി ഭക്തർ പോകുന്നുണ്ട്. ഇവർക്കൊന്നും ആകാശത്തിലേക്ക് നോക്കി അപകടം ഇപ്പോൾ സംഭവിക്കുമോയെന്ന് ആശങ്കപ്പെട്ട് നടക്കാനാവില്ല. പലരും ഇത് അറിയുന്നുപോലുമില്ല എന്നതാണ് വസ്തുത.
നാടൊട്ടുക്ക് കൊടുങ്കാറ്റിൽ നാശനഷ്ടം വിലയിരുത്താനെത്തുന്ന റവന്യൂ അധികൃതർ തങ്ങളുടെ കൺമുമ്പിലെ ഈ അപകടം മാത്രം കാണുന്നില്ലായെന്നുവച്ചാൽ എന്തുചെയ്യാൻ. ളാലം വില്ലേജ് ഓഫീസിലെ ഓഫീസറടക്കമുള്ള ജീവനക്കാർ ഇതുവഴിയാണെത്തുന്നത്. മരമൊടിഞ്ഞ് നാലഞ്ച് ദിവസമായിട്ടും ഇവരാരുടെയും ശ്രദ്ധയിൽ ഈ അപകട ഭീഷണി പെട്ടില്ലായെന്ന് വച്ചാൽ എന്തുപറയാൻ.
ഫയർഫോഴ്‌സുകാർക്ക് ഏണിയില്ലാത്തതായിരുന്നു പ്രശ്‌നം
മരമൊടിഞ്ഞത് അറിഞ്ഞ് ഫയർഫോഴ്‌സ് സംഘം എത്തിയെങ്കിലും അവർക്ക് ഏണിയില്ലാത്തതിനാലാണ് ഇത് മുറിക്കാൻ കഴിയാത്തതെന്നും എത്രയും വേഗം മുറിച്ചുമാറ്റാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ളാലം വില്ലേജ് ഓഫീസർ ബിനോയി പറഞ്ഞു.
എത്രയും വേഗം ഈ വലിയ മരക്കമ്പ് വെട്ടിനീക്കണം
നിരവധി യാത്രക്കാർ നത്യേന സഞ്ചരിക്കുന്ന വഴിയിലെ ഈ അപകടക്കെണി എത്രയുംവേഗം മരക്കമ്പ് വെട്ടിനീക്കി ഒഴിവാക്കാൻ റവന്യു അധികാരികൾ നടപടി സ്വീകരിക്കണം.
ജോയി കളരിക്കൽ പാലാ പൗരാവകാശ സമിതി പ്രസിഡന്റ്