നിലം പൊത്തി കുരുമുളകും ഏലക്കയും
കോട്ടയം: ആഭ്യന്തര വിപണിയിൽ റബർ വില കിലോയ്‌ക്ക് 210 രൂപയും കടന്ന് റെക്കാഡിലേക്ക് നീങ്ങുന്നു. ദീർഘകാലത്തിന് ശേഷമാണ് സ്ഥാപനങ്ങൾ സംസ്ഥാനത്ത് 212 രൂപയ്ക്ക് റബർ ഷീറ്റ് ശേഖരിച്ചത്. ഉയർന്ന വിലയിൽ ടയർ കമ്പനികൾ ഷീറ്റ് വാങ്ങിയെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിൽ ചെറുകിട കർഷകർക്ക് ഉയർന്ന വിലയുടെ പ്രയോജനം ലഭിച്ചില്ല. എന്നാൽ കർഷകർക്ക് വ്യാപാരികൾ 203 രൂപ മാത്രമാണ് നൽകിയത്. വ്യാപാരി വില റബർ ബോർഡ് നിശ്ചയിക്കണമെന്ന് കർഷക സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ബോർഡ് തയ്യാറായിട്ടില്ല. ലാറ്റക്സ് വില 230 രൂപയിലെത്തി റെക്കാഡിട്ടു.
ഇറക്കുമതിക്ക് സമ്മർദ്ദമേറുന്നു
ജൂൺ 10ന് 200 രൂപയിലെത്തിയ എത്തിയ ഷീറ്റ് വില പിന്നീട് കുറഞ്ഞിട്ടില്ല. രാജ്യാന്തര വിപണിയിൽ ബാങ്കോക്ക് വില 164 വരെ ഇടിഞ്ഞ ശേഷം 177ലേക്ക് ഉയർന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ വില വ്യത്യാസം 33 രൂപയാണ് .
ആഭ്യന്തര വിപണിയിൽ,ഷീറ്റ് ലഭ്യത കുറഞ്ഞതിനാൽ കൂടുതൽ ഇറക്കുമതി അനുമതിക്കായി ടയർ ലോബി സമ്മർദ്ദം ചെലുത്തുകയാണ് . ഇസ്രയേൽ , ഹമാസ്, റഷ്യ -ഉക്രൈൻ യുദ്ധങ്ങൾ കപ്പലുകളുടെ ലഭ്യത കുറച്ചതോടെ പുറം രാജ്യങ്ങളിൽ നിന്ന് ചരക്ക് എത്തുന്നില്ല. ഇതോടൊപ്പം കണ്ടെയ്‌നറുകളുടെ ക്ഷാമവും റബർ ലഭ്യത കുറച്ചു.
ഇറക്കുമതിയിൽ അടിതെറ്റി കുരുമുളക്
ഗുണമേന്മ കുറഞ്ഞ മറുനാടൻ മുളക് വൻ തോതിൽ ഉത്തരേന്ത്യൻ വിപണിയിൽ ഇറങ്ങിയതോടെ കുരുമുളക് വില കിലോക്ക് അഞ്ചു രൂപ കുറഞ്ഞു. മൂന്നാഴ്ചക്കിടെ 25 രൂപയാണ് കുറഞ്ഞത്. വില കൂടുതലുള്ള നാടൻ കുരുമുളകിനോട് വ്യാപാരികളുടെ താത്പര്യം കുറയുകയാണ്. എന്നാൽ കറിമസാല കമ്പനികൾക്ക് എരുവ് കൂടുതലുള്ള നാടൻ മുളകിനോടാണ് താത്പര്യം. അടുത്ത മാസം ഉത്തരേന്ത്യയിൽ ഉത്സവ സീസൺ തുടങ്ങുന്നതോടെ കുരുമുളക് വില ഉയർന്നേക്കും.
ഏലം വിളവെടുപ്പ് വൈകുന്നു
കാലാവസ്ഥ വ്യതിയാനം ഏലം വിളവെടുപ്പ് വൈകിക്കുകയാണ്. ഉത്തരേന്ത്യയിൽ ഉത്സവ സീസണിൽ വലിയ തോതിൽ ഏലക്ക ആവശ്യമുണ്ട്. ഉത്പാദനത്തിലെ കുറവ് വില ഉയർത്തുമെന്ന പ്രതീക്ഷയാണുള്ളത്. ലേല കേന്ദ്രങ്ങളിൽ നിന്നു വാങ്ങുന്ന ഏലക്ക തരം തിരിച്ചു വീണ്ടും ലേലത്തിൽ വെക്കുന്ന റീ പൂളിംഗ് ഏലം വില ഇടിക്കുമെന്ന് കർഷകർ പരാതിപ്പെടുന്നു. സ്പൈസസ് ബോർഡ് ഇതുവരെ പ്രശ്നത്തിൽ ഇടപെട്ടില്ല. ഏലക്ക പൂളിംഗ് സംബന്ധിച്ച തർക്കം ഇപ്പോൾ കോടതിയിലെത്തിയതും വിപണിയെ ദോഷകരമായി ബാധിക്കും.