pavithran

വൈക്കം: വെച്ചൂർ, തലയാഴം, കല്ലറ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ നിറയുന്ന അധികജലം പുറത്തേയ്ക്ക് ഒഴുക്കിക്കളയാൻ പമ്പിംഗ് സംവിധാനം പരിമിതമാവുന്നത് വർഷക്കൃഷി അവതാളത്തിലാക്കുകയാണെന്ന് കിസാൻസഭ വൈക്കം മണ്ഡലം കമ്മി​റ്റി പരാതിപ്പെട്ടു. 8000 ഏക്കർ സ്ഥലത്താണ് ഇക്കുറി വർഷക്കൃഷി ഇറക്കുന്നത്. തുടർച്ചയായുള്ള കനത്തമഴ പാടശേഖരങ്ങളെ പ്രളയജലത്തിൽ മുക്കി. മോട്ടോറുകൾ പ്രവർത്തിക്കാൻ മതിയായ തോതിൽ വൈദ്യുതി ലഭിക്കാത്തതാണ് പ്രശ്‌നം. തുടർച്ചയായുണ്ടാകുന്ന വോൾട്ടേജ് ക്ഷാമം പമ്പിംഗ് സംവിധാനത്തെ നിശ്ചലമാക്കുന്നു. പാടശേഖരങ്ങളിൽ നിറയുന്ന അധികജലം യഥാസമയം പുറത്തേക്ക് ഒഴുക്കിക്കളയാൻ സൗകര്യമുണ്ടായില്ലെങ്കിൽ വർഷക്കൃഷി നഷ്ടത്തിലാകുമെന്ന ആശങ്കയിലാണ് കർഷകർ. വൈദ്യുതി ബോർഡിന്റെ അടിയന്തര ഇടപെടൽ യോഗം ആവശ്യപ്പെട്ടു.
കിസാൻ സഭയുടെ മെമ്പർഷിപ്പ് വിതരണം ജൈവക്കൃഷി കർഷകനായ കെ.പി വേണുഗോപാലിന് അംഗത്വം നൽകി പ്രസിഡന്റ് കെ.വി പവിത്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ ചന്ദ്രബാബു, പി.സോമൻപിള്ള, പി.ജി ബേബി, എൻ.മോഹനൻ, പി.വി മനോഹരൻ, മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.