waste

ഇടനാട്: ഗവ. എൽ.പി. സ്‌കൂളിന് മുന്നിൽ മാലിന്യ കൂമ്പാരമുള്ളത് കരൂർ പഞ്ചായത്ത് പ്രസിഡന്റിനോട് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല. ഈ വാർഡിലെ മെമ്പർ എന്നതിലുപരി വർഷങ്ങളോളം ഈ ഇടനാട് ഗവ. എൽ.പി. സ്‌കൂളിലെ അദ്ധ്യാപിക കൂടിയായിരുന്നല്ലോ നിലവിലെ കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ.

പ്രസിഡന്റുകൂടിയായ ടീച്ചർ സ്‌കൂളിന് മുന്നിലേക്ക് ഒന്നുവന്നു നോക്കണം. ഇവിടെ പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന എം.സി.എഫിന് ചുറ്റും മാലിന്യക്കൂമ്പാരം മലപോലെ വളർന്നിരിക്കുകയാണ്. മൂക്കുപൊത്താതെ ഇതുവഴി പോകാനാവില്ല. പിഞ്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന സ്‌കൂളല്ലേ റോഡിനപ്പുറം. പകർച്ചവ്യാധിയുടെ ഒരു വൈറസ് രൂപപ്പെട്ടാൽ എന്താകും ദുരന്തം.

തിങ്കളാഴ്ച പഞ്ചായത്ത് കമ്മറ്റി ഉണ്ടെന്നാണ് അറിയുന്നത്. അജണ്ടയിൽ ഈ വിഷയം ഉണ്ടാവില്ല എന്ന് വ്യക്തം. പക്ഷേ ടീച്ചർകൂടിയായ പ്രസിഡന്റ് ഈ വിഷയം അടിയന്തരമായി എടുത്ത് ഒരു പരിഹാരമുണ്ടാക്കണം. പിഞ്ചുകുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ആശങ്ക അകറ്റിയേ തീരൂ. അതിനുള്ള ആർജ്ജവം പ്രസിഡന്റും ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളും കരൂർ പഞ്ചായത്ത് ഭരണസമിതിയും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം... ശ്ശോ... കഷ്ടം!

കിടപ്പു രോഗികളുടെയും കുട്ടികളുടെയും ഡയപ്പർ, ആർത്തവകാലത്തെ പാഡുകൾ, പ്‌ളാസ്റ്റികും പ്‌ളാസ്റ്റിക്കേതരവുമായ മാലിന്യങ്ങൾ, കുപ്പികൾ, പഴന്തുണികൾ... എന്നുവേണ്ട ആ നാട്ടിൽ എന്തൊക്കെ മാലിന്യങ്ങളുണ്ടോ അതെല്ലാം ഇവിടെ കൂടിക്കിടക്കുകയാണ്. കഴിഞ്ഞ ഒൻപത് മാസമായി ഈ ദുസ്ഥിതി തുടരുകയാണ്.

വലവൂർ ട്രിപ്പിൾ ഐ.ടി., ഇടനാട് വലവൂർ ക്ഷേത്രങ്ങൾ, വള്ളിച്ചിറ വലവൂർ പള്ളികൾ എന്നിവയൊക്കെ ബന്ധിപ്പിക്കുന്ന റോഡുവക്കിലെ ഈ മാലിന്യമല എത്രയും വേഗം നീക്കിയേ തീരൂ.
ജയചന്ദ്രൻ കോലത്ത് (പൊതുപ്രവർത്തകൻ)

സിസിടിവി സ്ഥാപിക്കും: പഞ്ചാ. പ്രസിഡന്റ്

മാലിന്യം തള്ളുന്നത് ആരാണെന്ന് കണ്ടുപിടിച്ചാൽ ശക്തമായ നിയമനടപടി സ്വീകരിക്കും. കഴിഞ്ഞ ഗ്രാമസഭയിൽ വിഷയം ചർച്ച ചെയ്തതാണ്. ഇവിടെ സിസിടിവി സ്ഥാപിക്കാൻ തീരുമാനവും എടുത്തിട്ടുണ്ട്. ഇതിന് പ്ലാൻ ഫണ്ടിൽപ്പെടുത്തി തുകയും അനുവദിക്കും.
അനസ്യ രാമൻ, കരൂർ പഞ്ചായത്ത് പ്രസിഡന്റ്