പാലാ: ആർ.ഡി.ഒ. ഇടപെട്ടു. തലയ്ക്ക് മുകളിൽ ഒടിഞ്ഞുതൂങ്ങി നിന്ന അപകടമരക്കമ്പ് മുറിച്ചുമാറ്റി. ഇനി ഇക്കാര്യത്തിൽ ഭയം വേണ്ട.
പാലാ സിവിൽ സ്റ്റേഷന് തൊട്ടുമുമ്പിൽ ളാലം വില്ലേജ് ഓഫീസിലേക്കുള്ള വഴിയോട് ചേർന്ന് കാറ്റിൽ ഒടിഞ്ഞുതൂങ്ങി നിന്ന കൂറ്റൻ ശിഖരം ഇന്നലെ ഫയർഫോഴ്‌സിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മരംവെട്ട് തൊഴിലാളികളെ കൊണ്ടുവന്ന് വെട്ടി നീക്കി. ഇതോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി നിലനിന്ന അപകടഭീഷണി ഒഴിവായത്. ഇതുസംബന്ധിച്ച് ''അപകടം ഒടിഞ്ഞുതൂങ്ങി തലയുടെ മുകളിലുണ്ട്'' എന്ന തലക്കെട്ടിൽ കേരള കൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ പാലാ ആർ.ഡി.ഒ. കെ.പി. ദീപ വിഷയത്തിൽ ഇടപെട്ടു. എത്രയും വേഗം തുടർനടപടികൾ സ്വീകരിക്കാൻ മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജിനെയും ളാലം വില്ലേജ് ഓഫീസർ ബിനോയിയേയും ആർ.ഡി.ഒ. ചുമതലപ്പെടുത്തി. തുടർന്ന് ആർ.ഡി.ഒ. നേരിട്ട് പാലാ ഫയർഫോഴ്‌സ് അധികൃതരെയും വിവരം അറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ എൻ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉടൻ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇരുവകുപ്പിലെയും ജീവനക്കാരുടെ സംയുക്ത തീരുമാനപ്രകാരം മരംവെട്ട് തൊഴിലാളികളെ എത്തിച്ച് കൂറ്റൻ മരക്കമ്പ് വെട്ടിയിറക്കുകയായിരുന്നു.
ആർ.ഡി.ഒ.യെ അഭിനന്ദനമറിയിച്ച് പാലാ പൗരാവകാശ സമിതി
അപകടനിലയിൽ നിന്ന വലിയ മരക്കമ്പ് ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്ത ഉടൻ വെട്ടിനീക്കാൻ നടപടി സ്വീകരിച്ച പാലാ ആർ.ഡി.ഒ. കെ.പി. ദീപ, പാലാ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർക്ക് അഭിനന്ദനങ്ങളുമായി പാലാ പൗരാവകാശ സമിതി. മരക്കമ്പ് എത്രയും വേഗം വെട്ടിനീക്കണമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.