akshara

കോട്ടയം : അക്ഷരനഗരമായ കോട്ടയത്ത് 15 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ അക്ഷര മ്യൂസിയം ആഗസ്റ്റിൽ തുറക്കും. എം.സി റോഡരികിൽ നാട്ടകം മറിയപ്പള്ളിയിലെ സ്ഥലത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഒന്നാംഘട്ടം പൂർത്തിയായി. ആഗസ്റ്റ് രണ്ടാംവാരം ഉദ്ഘാടനം നടത്താനാണ് തീരുമാനം. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്.പി.സി.എസ്) ഉടമസ്ഥതയിലും മേൽനോട്ടത്തിലുമാണ് പ്രവർത്തനം. ഭാഷയുടെ ഉൽപ്പത്തി മുതൽ മലയാളഭാഷയുടെ സമകാലിക മുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികകളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ വിവിധ ലിപികളെയും പരിചയപ്പെടുന്നതിനൊപ്പം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ലോകഭൂപടത്തിൽ തൊടുമ്പോൾ ഓരോ രാജ്യത്തെ ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനവുമുണ്ട്. തിയേറ്ററിൽ പ്രദർശിപ്പിക്കാൻ എട്ട് ഡോക്യുമെന്ററികളും തയ്യാറായി. കാരൂർ നീലകണ്ഠപിള്ളയുടെ പ്രതിമയും സ്ഥാപിക്കും. വൈദ്യുതി കണഷൻ അടക്കമുള്ളവയുടെ നടപടികൾ പുരോഗമിക്കുകയാണ്.

60 പേർക്ക് ഇരിക്കാൻ കഴിയുന്ന തിയേറ്റർ
ഭാഷയുടെ വികാസം വിശദമാക്കുന്ന മൾട്ടിമീഡിയ പ്രദർശനം

വിവിധ വീഡിയോ ഗ്യാലറികകൾ

വിവിധ വിഷയങ്ങളിൽ ഡിജിറ്റൾ വോളുകൾ

രണ്ടാംഘട്ടത്തിൽ
ഇന്ത്യൻ ഭാഷകളെയും ലോക ഭാഷകളെയും വിശദമായി ഉൾക്കൊള്ളിക്കും. മൂന്ന്, നാല് ഘട്ടങ്ങളിലായി മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളെ അടയാളപ്പെടുത്തും. ചരിത്രവിദ്യാർത്ഥികൾക്കും ഭാഷാസ്‌നേഹികൾക്കും ഗവേഷകർക്കും പഠനത്തിന് അവസരം.


ലോകഭാഷാ ലിപികൾ സമാഹരിച്ച് സ്ഥാപിക്കപ്പെട്ടിട്ടുള്ള മ്യൂസിയം രാജ്യത്ത് വേറെയില്ല. സംവാദങ്ങൾക്കും ആശയപ്രചാരണത്തിനും ചർച്ചാവേദികൾക്കുമുള്ള ഇടമായി ഭാവിയിൽ മ്യൂസിയത്തെ മാറ്റുകയാണ് ലക്ഷ്യം.

(എസ്.പി.സി.എസ് അധികൃതർ)