thde

കോട്ടയം: പാറേച്ചാൽ പുളിനാക്കൽ തോട് പോളയിൽ മുങ്ങി. തുടർച്ചയായി പെയ്ത മഴയിൽ തോട് അരികിലൂടെ പോകുന്ന റോഡിലേക്കുകൂടി തോട്ടിലെ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്രയും ദുരിതത്തിലായി. തോടിന് സംരക്ഷണഭിത്തിയില്ല. ഇത് വാഹനയാത്രികർക്കും കാൽനടയാത്രികർക്കും അപകടഭീഷണി സൃഷ്ടിക്കുന്നു. നഗരസഭയുടെ 45ാം വാർഡിലാണ് തോടും റോഡും.

അപകടമുന്നറിയിപ്പ് സൂചനകൾ ഇല്ല

പാറേച്ചാലിൽ നിന്നും കടന്നുവരുന്ന തോട് പുത്തൻ തോട്ടിലേക്കാണ് എത്തിച്ചേരുന്നത്. പാറേച്ചൽ മേൽപ്പാലത്തിന് സമീപത്തുകൂടെയുള്ള റോഡിലൂടെയാണ് ചുങ്കം മുപ്പത്, വേളൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത്. സംരക്ഷണഭിത്തിയും അപകടസൂചനകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. വീതി കുറഞ്ഞ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും അപകടം സംഭവിക്കുന്നു. നിരവധി വീടുകളാണ് തോടിന്റെ ഇരുകരകളിലും സ്ഥിതി ചെയ്യുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലൂടെ നീന്തിവേണം വേളൂർ റോഡിലേക്ക് പ്രദേശവാസികൾ എത്തിച്ചേരാൻ. റോഡരികും തോടും കാട് പിടിച്ചു കിടക്കുന്നതിനാൽ, ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് സമീപവാസികൾ പറയുന്നു.

കാർ തോട്ടിൽ വീണത് കഴിഞ്ഞ വർഷം
റോഡിന്റെയും തോടിന്റെയും നിരപ്പ് ഒരുപോലെയായതിനാൽ, രാത്രികാലങ്ങളിൽ റോഡിലൂടെ കടന്നുവരുന്നവർക്ക് തോടുണ്ടെന്ന് അറിയാൻ സാധിക്കില്ല. വെള്ളം കയറി കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിൽ തിരുവല്ലയിൽ നിന്നും കുടുംബം സഞ്ചരിച്ച കാർ തോട്ടിലേക്ക് വീണിരുന്നു.

തോട്ടിലെ പോളയും പുല്ലും നീക്കം ചെയ്ത് സംരക്ഷണഭിത്തിയും അപായ സൂചനകളും സ്ഥാപിച്ച് അപകടസാദ്ധ്യതകൾ ഒഴിവാക്കണം. -പ്രദേശവാസികൾ