കോട്ടയം: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും മൂന്നാം മോദി സർക്കാരന്റെ ആദ്യ ബഡ്ജറ്റിൽ കോട്ടയത്തിന് ഒരുപാട് പ്രതീക്ഷയുണ്ട്. സ്വന്തമായൊരു കേന്ദ്രമന്ത്രിയുള്ള ജില്ലയ്ക്ക് റബറടക്കമുള്ള മേഖലകളിൽ കാര്യമായെന്തെങ്കിലും കിട്ടുമോയെന്നാണ് നാളെ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ കോട്ടയം ഉറ്റുനോക്കുന്നത്. റബറിനുള്ള കൈത്താങ്ങ്, റെയിൽ-റോഡ് വികസനം, കൃഷി, വിനോദസഞ്ചാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ പ്രഖ്യാപനങ്ങൾ കേരളം പ്രതീക്ഷിക്കുന്നു.
റബർവിപണിക്ക് ഉത്തേജനം
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ റബർ വില സംബന്ധിച്ച് വാതോരാതെ സംസാരിച്ചിരുന്നു. കിതയ്ക്കുന്ന റബർ വിപണിയെ ഉത്തേജിപ്പിക്കാൻ എന്തുണ്ടാകുമെന്നതും പ്രധാനമാണ്. ബോർഡിന് കിട്ടുന്ന പതിവ് വിഹിതമല്ലാതെ മേഖലയ്ക്കായി പ്രത്യേകിച്ച് ഒന്നും കേന്ദ്രം നൽകാറില്ല. ഇറക്കുമതി കുറയ്ക്കുകയും, മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി പ്രത്യേകപദ്ധതികൾ ആരംഭിക്കുകയും ചെയ്താൽ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാം.
ചൂളംവിളിച്ച് ശബരിപാത
കോട്ടയത്തെ റെയിൽവേ വികസനത്തിന് ചിറകേകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം, ചങ്ങനാശേരി സ്റ്റേഷനുകൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതിനാൽ കോട്ടയം വഴി പുതിയ ട്രെയിനുകൾ പ്രഖ്യാപിക്കാനും സാഹചര്യമുണ്ട്. ശബരിപാത യാഥാർഥ്യമാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. വിഴിഞ്ഞം യാഥാർത്ഥ്യമായതോടെ തുറമുഖ കണക്ടിവിറ്റിയടക്കം കേന്ദ്രം പരിഗണിച്ച് അനുകൂല സമീപനം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശബരി റെയിലിന്റെ കാര്യത്തിലും പ്രതീക്ഷ. കെ.കെ റോഡ് ഉൾപ്പെടുന്ന എൻ.എച്ച് 183യുടെ വികസനത്തിനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു. ശബരി വിമാനത്താവളം പദ്ധതിയുടെ അനുമതി സംബന്ധിച്ചുള്ള പരാമർശവും കാത്തിരിക്കുന്നു.
കൃഷി ടൂറിസം
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ കുമരകം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്ക് എന്ത് ലഭിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ടൂറിസം സർക്യൂട്ട് പദ്ധതിയടക്കം കോട്ടയം കൊതിക്കുന്നുണ്ട്.
വേണം ഐ.ഐ.ഐ.ടി വികസനം
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും നൈപുണ്യ വികസന വിദ്യാഭ്യാസശാലകളും കോട്ടയത്തിന് ആവശ്യമുണ്ട്. വലവൂരിലെ ഐ.ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിൽ എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്. ഐ.ഐ.ഐ.ടിയുടെ വിപുലീകരണമുൾപ്പെടെയുള്ള സാദ്ധ്യതകൾ കേന്ദ്രം പരിഗണിക്കണം.
മൃഗസംരക്ഷണ മേഖല
പക്ഷിപ്പനി വിടാതെ പിന്തുടരുന്ന അപ്പർകുട്ടനാടിന് കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വകുപ്പിൽ നിന്നുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു. ഉയർന്ന നഷ്ടപരിഹാരതുക, കൂടുതൽ പക്ഷികൾക്ക് സഹായം, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.