പൊൻകുന്നം: കെ.എസ്.ആർ.ടി.സി. പൊൻകുന്നം ഡിപ്പോയ്ക്ക് അനുവദിച്ച മലബാർ സർവീസുകൾ വേണ്ടെന്ന് ഉദ്യോഗസ്ഥർ. കാഞ്ഞിരപ്പള്ളി, പൊൻകുന്നം മേഖലയിലെ മലബാർ മേഖലകളിലേക്കുള്ള യാത്രക്കാർ മതിയായ സർവീസുകൾ ഇല്ലാതെ ദുരിതത്തിലായിരിക്കുമ്പോഴാണ് നിരന്തരം പോരാടി നേടിയ സർവീസുകൾ അധികൃതർ കൈവിട്ടത്. കണ്ണൂർ, ഗുരുവായൂർ സർവീസുകളാണ് ഡിപ്പോ അധികൃതർ നഷ്ടപ്പെടുത്തിയത്. മലബാർ മേഖലകളിലേക്കുള്ള സർവീസുകൾ ഇവിടെ നിന്നാരംഭിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയും, വിവിധ സംഘടനകളും ഗതാഗതമന്ത്രിക്കും വകുപ്പ് അധികൃതർക്കും നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് ബസ് ഉൾപ്പെടെ നൽകി സർവീസ് നടത്തുന്നതിന് ചീഫ് ഓഫീസിൽ നിന്ന് ഡിപ്പോ അധികൃതരോട് അനുമതി തേടിയത്. എന്നാൽ ഡിപ്പോ അധികൃതർ സർവീസ് നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ട് ചുണ്ടിക്കാട്ടി ഇത് ഇല്ലാതാക്കുകയായിരുന്നു. ഈ സർവീസുകൾ ഇപ്പോൾ മറ്റ് ഡിപ്പോകൾക്ക് നൽകിയതായാണ് വിവരം.