ഇടനാട്: ഗവ. എൽ.പി. സ്‌കൂളിന് മുന്നിലെ എം.സി.എഫ് എത്രയും വേഗം നീക്കും. ഇവിടെ കൂടിക്കിടക്കുന്ന മാലിന്യം നീക്കുന്നത് സംബന്ധിച്ച് നാട്ടുകാരുടെ യോഗം വിളിച്ചുകൂട്ടി തീരുമാനമെടുക്കും. ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ അജണ്ടയിൽ ഇല്ലെങ്കിലും ഈ വിഷയം ചർച്ചയും ചെയ്യും.
ഇടനാട് ഗവ. എൽ.പി. സ്‌കൂളിന് മുന്നിലെ മാലിന്യക്കൂമ്പാരത്തെപ്പറ്റി ''തൊട്ടടുത്ത് സ്‌കൂളാണെന്ന വിചാരമെങ്കിലും വേണ്ടേ'' എന്ന തലക്കെട്ടിൽ ഇന്നലെ ''കേരള കൗമുദി'' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കരൂർ പഞ്ചായത്ത് പ്രസിഡന്റ് സംഭവസ്ഥലം സന്ദർശിക്കണമെന്നും ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ വിഷയം ചർച്ച ചെയ്യണമെന്നും വാർത്തയിൽ ആവശ്യപ്പെട്ടിരുന്നു.
വാർത്തയെത്തുടർന്ന് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമനും സെക്രട്ടറി ബാബുരാജും സംഭവസ്ഥലം സന്ദർശിച്ചു. പരാതിക്കാരുടെ പ്രതിനിധി എന്ന നിലയിൽ പൊതുപ്രവർത്തകൻ ജയചന്ദ്രൻ കോലത്തുമായി ഇവർ ചർച്ച നടത്തി.
സ്‌കൂളിന് മുന്നിലിരിക്കുന്ന എം.സി.എഫ്. എത്രയുംവേഗം ഇവിടെ നിന്ന് മാറ്റും. മാലിന്യം കോരി നീക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. -പഞ്ചായത്ത് സെക്രട്ടറി ബാബുരാജ്.
ഇന്ന് 11 ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റി ഇടനാട് സ്‌കൂളിന് മുന്നിലെ മാലിന്യ വിഷയം ചർച്ച ചെയ്യും. മാലിന്യം നീക്കുന്നത് സംബന്ധിച്ച് നാളെയോ മറ്റന്നാളോ ബന്ധപ്പെട്ടവരുടെ യോഗം ഇടനാട് എൽ.പി. സ്‌കൂളിൽ തന്നെ വിളിച്ചു ചേർക്കും. ജെ.സി.ബി. കൊണ്ടുവന്ന് മാലിന്യം കോരി നീക്കാനാണ് ഉദ്ദേശിക്കുന്നത്.- പ്രസിഡന്റ് അനസ്യ രാമൻ
എം.സി.എഫ്. മാറ്റുമെന്നും മാലിന്യം കോരിനീക്കുമെന്നുമുള്ള കരൂർ പഞ്ചായത്ത് അധികാരികളുടെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നു.-പരാതി ഉന്നയിച്ച ജയചന്ദ്രൻ കോലത്ത്