ഏഴാച്ചേരി: കനത്ത മഴയെ തുടർന്ന് ഏഴാച്ചേരി തോട്ടിൽ വൻമരം കടപുഴകി വീണ് നീരൊഴുക്ക് തടസപ്പെടുന്നതായി പരാതി. ഐങ്കൊമ്പ് അഞ്ചാം മൈൽ ഭാഗത്തുനിന്നും ഏഴാച്ചേരിയിലേക്കുള്ള നടപ്പാലത്തിന് സമീപമാണ് തോട്ടിലേക്ക് ഏകദേശം 100 ഇഞ്ച് വലിപ്പമുള്ള മരം വീണുകിടക്കുന്നത്. മഴക്കാലമായതിനാൽ പെട്ടെന്നുണ്ടാകുന്ന മഴയത്ത് വെള്ളം ഉയർന്നാൽ ഒഴുക്ക് തടസപ്പെട്ട് സമീപ പ്രദേശത്ത് നാശനഷ്ടങ്ങൾ ഉണ്ടാകുമെന്നും തോടിന്റെ സംരക്ഷണ ഭിത്തി തകർന്ന് പോകുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. ഇവിടെ വെള്ളം ഉയർന്നാൽ കൊല്ലപ്പള്ളി ടൗണിലും വെള്ളം കയറും. റവന്യു, പഞ്ചായത്ത് അധികാരികൾ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.