രാമപുരം: റോഡുവക്കിൽ ചെരിഞ്ഞു നിൽക്കുന്ന മരങ്ങൾ വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.
രാമപുരം കൂത്താട്ടുകുളം റോഡിൽ അമ്പലം ജംഗ്ഷനിലെ ബദാം മരവും, അമനകര കുടിവെള്ള പദ്ധതിയുടെ മോട്ടോർ പുരയ്ക്ക് സമീപത്തുള്ള പാലമരവുമാണ് അപകടകരമായി റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്നത്.
ഇതുപോലെ മറ്റു പല ഭാഗങ്ങളിലായി നിരവധി മരങ്ങൾ ഈ റോഡിൽ അപകടകരമായി നിൽക്കുന്നുണ്ട്. പാഴ്മരം വെട്ടിമാറ്റണമെന്ന് കാണിച്ച് ഗ്രാമസഭയിൽ നിരവധി തവണ ജനങ്ങൾ പരാതികൾ പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അമനകരയിലെ ഒരു പാഴ്മരത്തിന് ബന്ധപ്പെട്ട അധികൃതർ അമിതമായ തുകയാണ് ടെണ്ടർ വച്ചത്. ഇതിനാൽ ലേലത്തിൽ പങ്കെടുക്കുവാൻ ആരും തയ്യാറായില്ല.
നാലമ്പല തീർത്ഥാടനം തുടങ്ങിയതോടെ ഈ റോഡിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. ഇതുകൂടാതെ ആർ.വി.എം. യു.പി. സ്‌കൂൾ, അമനകര ഗവ. എൽ.പി. സ്‌കൂൾ, ചാവറ പബ്ലിക്ക് സ്‌കൂൾ, അമനകര സെന്റ്. മർത്താസ് കോൺവെന്റ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്കുള്ള ആളുകളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
അമ്പലം ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിൽ നിൽക്കുന്ന ബദാം മരം അപകടകമാം വിധം യാത്രക്കാർക്ക് ഭീഷണിയായാണ് നിൽക്കുന്നത്. മൂന്ന് വർഷം മുൻപ് അമനകരയിലുള്ള പാലമരത്തിലെ ദ്രവിച്ച കൊമ്പ് ഒടിഞ്ഞ് റോഡിൽ വീണിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ അന്ന് വൻ ദുരന്തം ഒഴിവായി. ഈ മരങ്ങൾ വേര് ദ്രവിച്ച് പോയി റോഡിലേക്ക് ചെരിഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുവാൻ നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.