കോട്ടയം: പുന്നമടക്കായലിൽ കൈകരുത്തു കാട്ടിയിരുന്ന കുമരകംകാരും തിരുവാർപ്പുകാരും. ഇന്നും കൈക്കരുത്തിന് കുറവില്ലെങ്കിലും ക്ലബുകൾ സാമ്പത്തികമായി തകർന്നതോടെ ജലോത്സവലോകത്തെ കോട്ടയംപെരുമ തന്നെ തുലാസിലായി. നെഹ്റു ട്രോഫിയിൽ മുത്തമിടാൻ അരഡസനോളം ചുണ്ടൻ വള്ളങ്ങൾ പോയിരുന്ന കോട്ടയത്ത് നിന്ന് ഈവർഷം പുന്നമടക്കായലിൽ എത്തുക മൂന്ന് ചുണ്ടനുകൾ മാത്രം. രണ്ടെണ്ണം കുമരകത്ത് നിന്നും ഒരെണ്ണം ചങ്ങനാശേരിയിൽ നിന്നും. കുമരകം ടൗൺബോട്ട് ക്ലബ്, കുമരകം ബോട്ട് ക്ലബ് എന്നിവയാണ് കുമരകത്ത് നിന്നുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം വില്ലേജ് ബോട്ട് ക്ലബ്, സമുദ്ര,എൻ.സി.ഡിസി ടീമുകളില്ല. വൈക്കത്ത് നിന്നും തിരുവാർപ്പിൽ നിന്നും ചുണ്ടനുമായെത്തിയിരുന്ന ബോട്ട് ക്ലബുകളും സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ വള്ളംകളിയോട് സലാം പറഞ്ഞു.കന്നിപോരാട്ടത്തിന് ചങ്ങനാശേരി ബോട്ട് ക്ലബ് ആയാപറമ്പ് വലിയദിവാൻജി ചുണ്ടനുമായാണ് എത്തുന്നത്. കിടങ്ങറ പള്ളിയോട് ചേർന്നുള്ല ആറ്റിൽ പരിശീലനമാരംഭിക്കുന്ന ടീം പള്ളി ഓഡിറ്റോറിയത്തിൽ ക്യാമ്പ് ചെയ്യും.
പ്രതീക്ഷയുണ്ട്, ഇനി കടുത്ത പരിശീലനം
കഴിഞ്ഞതവണ നെഹ്റുട്രോഫി ഫൈനലിൽ അവസാന ലാപ്പിൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ കുമരകം ടൗൺബോട്ട് ക്ലബ് വലിയ മുന്നൊരുക്കത്തോടെയാണ് ഇത്തവണ മത്സരിക്കുന്നത്. ഇക്കുറി പ്രൊഫഷണൽ കോച്ചിന്റെ മേൽനോട്ടത്തിലാണ് പരിശീലനം. ട്രയൽ ഇന്നലെ കോട്ടത്തോട്ടിൽ ആരംഭിച്ചു. ബോയയിലുള്ള പരിശീലനവും നടത്തുന്നുണ്ട്. 26ന് കുമരകം ചന്തക്കവലയിൽ ഔദ്യോഗിക പരിശീലനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
നെഹ്റുട്രോഫിയിൽ ഡബിൾ ഹാട്രിക്ക് നേടിയ ചരിത്രമുള്ള കുമരകം ബോട്ട് ക്ലബ് മേൽപ്പാടം ചുണ്ടനിലാണ് മത്സരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കടുത്ത പരിശീലനത്തിനൊരുങ്ങുകയാണ് ക്ലബ്. വെച്ചൂർ എസ്.എൻ.ഡി.പി ഹാളിൽ ക്യാമ്പ് ചെയ്തു വെച്ചൂർ കായലിലാണ് പരിശീലനം.
54 കളിവള്ളങ്ങൾ
വിവിധ വിഭാഗങ്ങളായി 54 കളിവള്ളങ്ങളാണ് ആഗസ്റ്റ് 10ന് നടക്കുന്ന നെഹ്റു ട്രോഫിയിൽ മത്സരിക്കുന്നത്. 19 ചുണ്ടൻവള്ളങ്ങൾ മത്സരരംഗത്തുണ്ട്.
വള്ളങ്ങളുടെ ബോണസ് തുക വർദ്ധിപ്പിച്ചു
മെയിന്റനൻസ് ഗ്രാൻഡിലും പത്തു ശതമാനം വർദ്ധനവ് വരുത്തി.
ബോണസ് തുക
ചുണ്ടൻ ഫൈനലിസ്റ്റ് : 6,60,000
ലൂസേഴ്സ് ഫൈനലിസ്റ്റ് : 5,30,000
സെക്കന്റ് ലൂസേഴ്സ് ഫൈനലിസ്റ്റ്: 4,00,000
ഫോർത്ത് ലൂസേഴ്സ് ഫൈനലിസ്റ്റ് :2,30,000
മെയിന്റനൻസ് ഗ്രാന്റ് ചുണ്ടൻ : 55,000
ഏ ഗ്രേഡ് : 33,000
ബി ആൻഡ് സി ഗ്രേഡ് : 20,000