parechal-

കോട്ടയം: പാറേച്ചാൽ ബൈപ്പാസ് റോഡ് സൂപ്പറാണ്. പക്ഷേ വശങ്ങൾ മുഴുവൻ കാട് പിടിച്ചിരിക്കുന്നു. ഇതോടെ എവിടെയാണ് വീട്ടുമാലിന്യം ഉൾപ്പെടെ വലിച്ചെറിയേണ്ടതെന്ന് ചിന്തിച്ചു നടക്കുന്ന ആളുകൾക്ക് കാര്യങ്ങൾ എളുപ്പമായി. മാലിന്യം നിക്ഷേപിക്കാനൊരിടം എന്ന നിലയിലേക്ക് ബൈപ്പാസ് റോഡിന്റെ വശങ്ങൾ മാറിയത് പക്ഷേ അധികൃതർ അറിഞ്ഞമട്ടില്ല.

പാടശേഖരങ്ങൾക്ക് മദ്ധ്യഭാഗത്തിലൂടെ കടന്നു പോകുന്ന റോഡ് കൂടിയാണിത്. ഒറ്റനോടത്തിൽ പ്രകൃതി ഭംഗിനിറഞ്ഞു നിൽക്കുന്നയിടം. സായാഹ്നങ്ങളും ഒഴിവുവേളകളും ചെലവഴിയ്ക്കുന്നതിനായി നിരവധി പേർ ഇവിടെ എത്തിയിരുന്നു. വെള്ളം നിറഞ്ഞു കിടക്കുന്ന പാടശേഖരവും വലവീശുന്നതുമൊക്കെ കാണാൻതന്നെ നല്ല ചേലാണ്. റോഡിന്റെ ഇരുവശങ്ങളും കാട് മൂടിയതോടെ ഇഴജന്തുക്കളുടെ ആവാസകേന്ദ്രം കൂടിയാണിവിടം. റോഡിന്റെ ഇരുവശത്തായി തണൽ മരങ്ങൾ, ഇല്ലി, മുള തുടങ്ങിയവ വളർന്ന് പന്തലിച്ച് നിൽക്കുന്നു. ഒപ്പം കാടും കൂടി വളർന്നതോടെ വാഹനത്തിലും മറ്റുമെത്തി മാലിന്യം തള്ളിയിട്ട് ഒന്നുമറിയാത്തപോലെ പോകുന്നവരുടെ എണ്ണവും കൂടി. പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യങ്ങൾ റോഡിൽനിന്ന് വലിച്ചെറിയുമ്പോൾ തണൽമരങ്ങളിൽ ഉടക്കി ചിലതൊക്കെ തൂങ്ങി കിടക്കുന്നതും കാണാം. പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികൾ, സ്‌നഗ്ഗി, ഭക്ഷണാവശിഷ്ടങ്ങൾ, മദ്യക്കുപ്പികൾ തുടങ്ങിയ മാലിന്യങ്ങളെല്ലാം വലിച്ചെറിയുന്നവയിൽ ഉൾപ്പെടുന്നു. പൊതുവേ തിരക്ക് കുറവാണ് എന്നതിനാലും മാലിന്യം തള്ളലുകാർക്ക് ഈ റോഡ് ഇഷ്ടമാണ്. കൃഷി നടന്നുകൊണ്ടിരിക്കുന്ന പാടശേഖലത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നവരുമുണ്ടെന്നതാണ് ഏറെ പ്രയാസകരം.

എളുപ്പമാർഗം:
എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കുമരകം, താഴത്തങ്ങാടി, ഇല്ലിക്കൽ, കാരാപ്പുഴ, തിരുവാതുക്കൽ തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്നതിനാൽ ബൈപ്പാസ് റോഡിലൂടെ നിരവധി പേരാണ് കടന്നുപോകുന്നത്.

റോഡിലെ പോരായ്മകൾ:
വഴി വിളക്കുകൾ തെളിയുന്നില്ല
മാലിന്യ ബിന്നുകൾ ഇല്ല
നിരീക്ഷണ കാമറകൾ ഇല്ല
കാടുകൾ കൃത്യമായി വെട്ടിമാറ്റുന്നില്ല