sivalingam-

കോട്ടയം: ഏറെ വ്യത്യസ്തമായ കലാസൃഷ്ടി... അഭിലാഷ് ചന്ദ്രനും ഒപ്പമുണ്ടായിരുന്നവരും അത്രയേ കരുതിയുള്ളൂ. ഏറ്റുമാനൂർ പേരൂർ ബൈപ്പാസ് റോഡരികിൽ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ വകയായ പാടശേഖരത്ത് നിന്നുള്ള കാഴ്ച ആരുടെയും മനസ് കീഴടക്കും.

ഒറ്റനോട്ടത്തിൽ നെൽപ്പാടത്ത് പ്രത്യക്ഷപ്പെട്ട ശിവലിംഗത്തിന്റെയും ത്രിശൂലത്തിന്റെയും നിഴലാണെന്ന് തോന്നും. പാടശേഖരത്തിൽ പാഡി ആർട്ടിൽ ഒരുക്കിയ ചിത്രമാണിത്. സമൂഹ്യമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ട്രെൻഡായി മാറിയത്. ചിത്രങ്ങൾ പകർത്തുന്നതിനും മറ്റും നിരവധി പേരാണ് എത്തുന്നത്. ക്ഷേത്രം ഭാരവാഹിയായ അഭിലാഷ് ചന്ദ്രനൊപ്പം അഞ്ച് പേരാണ് കലാസൃഷ്ടിക്കായി അണിനിരന്നത്. ജപ്പാനിലെ പാടശേഖരങ്ങളിൽ പാഡി ആർട്ടുകൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വേറിട്ടൊരു പരീക്ഷണത്തിനിറങ്ങിയത്. പച്ചയും വയലറ്റും നിറഞ്ഞ നെൽച്ചെടികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വയനാട്ടിൽ നിന്നും എത്തിച്ച നാസർ ബാദ് ഇനത്തിൽപ്പെട്ട നെല്ലാണ് വയലറ്റ് നിറത്തിനും പച്ചനിറത്തിലുള്ള ജ്യോതി ഇനത്തിൽപ്പെട്ട നെല്ലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഞാറ് നടീൽ സമയത്ത് തന്നെ തയാറാക്കേണ്ട രൂപത്തിൽ ഞാറുനട്ടു ഒരുക്കുകയാണ് ചെയ്യുന്നത്. നെല്ല് കതിരിടുന്ന കാലയളവ് വരെ രൂപം കാണാൻ സാധിക്കും.

കഴിഞ്ഞവർഷം വാളും ചിലമ്പുമാണ് ഒരുക്കിയത്. പാടശേഖരത്തിൽ നിന്നും വിളവെടുക്കുന്ന നെല്ല് ക്ഷേത്രാവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.

(അഭിലാഷ് ചന്ദ്രൻ).