kadannal

കോട്ടയം: വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഭീതിയുടെ മുൾമുനയിൽ നിർത്തി കടന്നൽക്കൂട്. കാരാപ്പുഴ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ഇന്നലെ കടന്നൽക്കൂട് രൂപപ്പെട്ടത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ സ്‌കൂൾ തുറന്നെത്തിയപ്പോഴാണ് കടന്നൽക്കൂട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ, വിദ്യാർത്ഥികളും അദ്ധ്യാപകരും പരിഭ്രാന്തിയിലായി. വിവരം ഡി.ഡി ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഉച്ചകഴിഞ്ഞ് അവധി നൽകി. ഫോറസ്റ്റ് അധികൃതരെ അറിയിച്ചെങ്കിലും സ്വകാര്യവ്യക്തികളെ സമീപിക്കാനായിരുന്നു നിർദേശം. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. തുടർന്ന് പൂഞ്ഞാറിൽ നിന്നും ആളെയെത്തിച്ച് ഒന്നരമണിക്കൂർ നേരത്തെ ശ്രമഫലം കൊണ്ട് കടന്നൽക്കൂട് നീക്കം ചെയ്തു. എന്നാൽ, കൂടിന്റെ ബാക്കി അംശം കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നതും ആശങ്കയിലാഴ്‌ത്തി. മറ്റൊരിടത്ത് നിന്നും നീക്കിയ കൂടിന്റെ അംശമാണ് കെട്ടിടത്തിൽ രൂപപ്പെട്ടത്. അതിനാൽ മണിക്കൂറുകൾക്കുള്ളിൽ കൂട് വലുതായി രൂപപ്പെടുകയായിരുന്നു. ശനിയാഴ്ച സ്‌കൂൾ അടയ്ക്കുന്നത് വരെ ഇത്തരത്തിലൊരു കൂട് കെട്ടിടത്തിൽ ഇല്ലായിരുന്നെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.