പാലാ: ഇനി പാലാ നഗരത്തിൽ തോന്നിയപോലുള്ള വാഹനപാർക്കിംഗ് നടക്കില്ല. അവിടെയും ഇവിടെയും കൊണ്ടുപോയി
മണിക്കൂറുകളോളം വാഹനം പാർക്ക് ചെയ്യാമെന്ന് വച്ചാൽ തിരികെ വരുമ്പോൾ കനത്ത ഫൈൻ കിട്ടും. കുരിശുപള്ളികവല മുതൽ ളാലം പാലം ജംഗ്ഷൻ വരെ പാർക്കിംഗ് ഇനി റോഡിന് ഇടതുവശത്തുമാത്രമേ പറ്റൂ. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണിത്.
ചെയർമാൻ ഷാജു വി. തുരുത്തൻ, ആർ.ഡി.ഒ. കെ.പി. ദീപ, ഡി.വൈ.എസ്.പി. കെ. സദൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഇന്നലെ മുതൽ പാർക്കിംഗ് സംവിധാനങ്ങൾ പുനഃക്രമീകരിച്ചത്. ചെയർമാൻ ഷാജു വി. തുരുത്തൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ, പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ തന്നെ വിവിധ കേന്ദ്രങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു.
ക്രമീകരണങ്ങൾ ഇങ്ങനെ
കുരിശുപള്ളി കവല മുതൽ മഹാറാണി കവല വരെ ഇനി മുതൽ ഇടത് വശം മാത്രം പാർക്കിംഗ്. കുരിശുപള്ളി കവലയിൽ നിന്ന് സെന്റ് മേരിസ് സ്‌കൂൾ റോഡിലും സിവിൽ സ്റ്റേഷൻ ഭാഗം വരെയും ഇടത് വശം മാത്രം പാർക്കിംഗ്. ജനറൽ ആശുപത്രി റോഡിൽ പാർക്കിംഗ് കർശനമായി നിരോധിച്ചു. ഇവിടെ കനത്ത പിഴയാണ് ചുമത്തുന്നത്. അതുകൊണ്ടുതന്നെ പാർക്കിംഗ് കുറഞ്ഞിട്ടുണ്ട്.
ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾ കയറുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ചാൽ പിഴ ഈടാക്കും.
നടപ്പാതകളിൽ ഇരുചക്ര വാഹനങ്ങൾ വച്ചിട്ട് പോകുന്നവർ ഇനി മുതൽ സൂക്ഷിക്കുക. വാഹനങ്ങൾ പൊലീസ് സ്റ്റേഷനിൽ ചെന്ന് പിഴയൊടുക്കി വാങ്ങേണ്ടതായി വരും. പല ദിവസങ്ങളിലും നടപ്പാതകൾ ഇരുചക്ര വാഹനങ്ങൾ കയ്യേറുന്നതു മൂലം കാൽനടക്കാർക്ക് യാത്രാതടസം നേരിട്ടിരുന്നു. പാലായിലെ അനധികൃത പാർക്കിംഗിനെപ്പറ്റി മാസങ്ങൾക്ക് മുന്നേ ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. ഈ പത്രവാർത്തയുൾപ്പെടെ ഉള്ള പരാതികൾ ഗതാഗത ഉപദേശക സമിതിയുടെ മുന്നിൽ വന്നിരുന്നു.
ഡ്രൈവർമാർ സഹകരിക്കണം
പുതിയ പാർക്കിംഗ് ക്രമീകരണത്തോട് നഗരത്തിലെത്തുന്ന എല്ലാ വാഹന ഡ്രൈവർമാരും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനും ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാറും അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലും സംശയം ഉള്ളവർക്ക് ട്രാഫിക് എസ്.ഐ.യെ വിളിക്കാം. നമ്പർ 9497980355.