വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്തുപാട്ട് നടത്തുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചു. 2025 ഏപ്രിൽ 2 ന് തുടങ്ങുന്ന വടക്കുപുറത്ത് പാട്ട് 13 ന് സമാപിക്കും.
ഭക്തജന യോഗം വിളിച്ചു ചേർത്ത് വടക്കുപുറത്തുപാട്ടിനായി കമ്മ​റ്റി രൂപികരിക്കും. വരുന്ന 28 ന് രാവിലെ 10നാണ് യോഗം.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ 12 ദിവസം മീനഭരണി കഴിഞ്ഞ് അടുത്ത നാൾ മുതൽ കൊടുങ്ങല്ലൂർ ദേവിയുടെ ചൈതന്യം ഉണ്ടാവുമെന്ന് ഐതിഹ്യം. ക്ഷേത്രത്തിലെ നാലമ്പലത്തിന് വടക്കു ഭാഗത്ത് നെടുംപുര ഒരുക്കി 12 ദിവസം ദേവിയെ സങ്കല്പിച്ച് കളമെഴുത്തും പാട്ടും എതിരേൽപ്പും താലപ്പൊലിയും സമാപന ദിവസം ഗുരുതിയും നടത്തുന്നതാണ് വടക്കുപുറത്ത് പാട്ട് എന്നറിയപ്പെടുന്നത്.
വടക്കുപുറത്ത് പാട്ട് ആരംഭിക്കുന്നതിന് 41 ദിവസം മുൻപ് ഇതിനായി കാൽനാട്ടു കർമ്മം നടത്തും. കുംഭാഷ്ടമി ദിനമായ ഫെബ്രുവരി 20 നാണ് കാൽ നാട്ടുക. കാൽനാട്ടി മുപ്പത്തിയെട്ടാം ദിവസം ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും തൈക്കാട്ടശ്ശേരി ഭഗവതി ക്ഷേത്രത്തിലേക്കും 40 ദിവസം മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്കു ദേശ താലപ്പൊലി നടത്തും.
വടക്കുപുറത്തുപാട്ടിന്റെ ആദ്യ ഘട്ടത്തിൽ ഏപ്രിൽ 2 മുതൽ 5 വരെ 4 ദിവസം 8 കൈകളിൽ ആയുധമേന്തിയ ഭദ്റകാളിയുടെയും രണ്ടാം ഘട്ടത്തിൽ 6 മുതൽ 9 വരെ 4 ദിവസം 16 കൈകളിൽ ആയുധമേന്തിയ ഭദ്റകാളിയുടെയും മൂന്നാം ഘട്ടത്തിൽ 10 മുതൽ 12 വരെ മൂന്ന് ദിവസം 32 കൈകളിൽ ആയുധമേന്തിയ ഭാദ്റകാളിയുടെയും സമാപന ദിവസമായ 13 ന് 64 കൈകളിൽ ആയുധമേന്തിയ വേതാള പുറത്തിരിക്കുന്ന ഭദ്റകാളിയുടെ കളവുമാണ് എഴുതുക. പുതുശ്ശേരി കുറുപ്പുമ്മാർക്കാണ് കളമെഴുതുവാനുള്ള അവകാശം.
വടക്കുപുറത്തുപാട്ട് നടക്കുന്ന അവസരത്തിൽ വൈക്കം ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ ചടങ്ങാണ് കോടിയർച്ചനയും സഹസ്രകലശവും.ക്ഷേത്രത്തിലെ തന്ത്റിമാരായ ഭദ്റകാളി മ​റ്റപ്പളളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ 35 ലധികം കാർമ്മികർ 27 നക്ഷത്രങ്ങളിൽ 27 ദിവസങ്ങളിലായി കോടിയർച്ചന നടത്തും. വ്യാഘ്രപാദത്തറക്ക് മുൻവശം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് അർച്ചന നടക്കുന്നത്.
വടക്കു പുറത്തു പാട്ട് സമാപിക്കുന്ന ഏപ്രിൽ 13 നാണ് സഹസ്രകലശം. വിശേഷാൽ പൂജാ സംവിധാനങ്ങളോടെ നടത്തുന്ന സഹസ്രകലശത്തിന്റെ സമാപനമായി ഭസ്മകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടത്തും.
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷാർച്ചനയോടെ വടക്കു പുറത്തു പാട്ട് കോടിയർച്ചന ചടങ്ങുകൾ പൂർത്തിയാകും.