പാലാ: ഇപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നാണംവന്നത്. അതുകൊണ്ടാകാം റിവർവ്യൂ റോഡിൽ തുരുമ്പെടുത്തതിന് പകരം പുതിയ ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചത്. നഗരസഭാ ചെയർമാൻ നേരിട്ടിറങ്ങി കൈക്കാശ് മുടക്കി ഓടയിലെ ഗ്രില്ല് നന്നാക്കിയപ്പോൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരിൽ നിന്ന് ശരിക്കും ശകാരം കേട്ടിരുന്നു. അല്പം വൈകിയാണെങ്കിലും ഇപ്പോൾ അരികുകൾ വാർത്ത് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
മെയിൻ റോഡിൽ നിന്ന് റിവർവ്യൂ റോഡിലേക്ക് കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് എത്തുന്ന ഭാഗത്തായിരുന്നു ഓടയ്ക്ക് മുകളിലെ ഗ്രില്ല് തുരുമ്പെടുത്ത് തകർന്നിരുന്നത്.ഈ ഗ്രില്ലിൽ കാൽകുരുങ്ങി വിദ്യാർത്ഥിനിക്ക് പരിക്കേറ്റ് ഒരുമാസം പിന്നിട്ടിട്ടും ഒരു വീപ്പ ഇവിടെ കൊണ്ടുവച്ചതല്ലാതെ വേറൊരു നടപടിയും പി.ഡബ്ലി.യു.ഡി അധികാരികൾ സ്വീകരിച്ചിരുന്നില്ല. ഇത് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. പിറ്റേന്നുതന്നെ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തനും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും സ്വന്തം പണം ചെലവഴിച്ച് വെൽഡിംഗ് ജീവനക്കാരെ എത്തിച്ച് പുതിയ കമ്പി വെൽഡ് ചെയ്തുറപ്പിച്ചു. ഇത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ചെലവ് 50000
പി.ഡബ്ലി.യു.ഡി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അനുവിന്റെ നേതൃത്വത്തിലായിരുന്നു പുതിയ ഗ്രില്ല് സ്ഥാപിച്ചത്. ഗ്രില്ലിന് മാത്രമായി നാല്പതിനായിരത്തോളം രൂപാ ചെലവായി. പണിക്കൂലി ഉൾപ്പെടെ അരലക്ഷത്തിൽപ്പരം രൂപ ചെലവുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടും.