aminity

പാലാ: പാലാ ലണ്ടൻ ബ്രിഡ്ജും അമിനിറ്റി സെന്ററും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഇന്ന് മുതൽ രാവിലെ 7 ന് തുറക്കുന്ന ലണ്ടൻ ബ്രിഡ്ജും അമിനിറ്റി സെന്ററും രാത്രി ഏഴിനേ അടയ്ക്കൂ. അതുവരെ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഇന്നലെ വൈകിട്ട് ചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് നിർണായക തീരുമാനം എടുത്തത്.

കൗൺസിൽ യോഗം കഴിഞ്ഞ ഉടൻ ചെയർമാൻ ഷാജു വി. തുരുത്തൻ, വൈസ് ചെയർപേഴ്‌സൺ ലീനാ സണ്ണി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, വാർഡ് കൗൺസിലർ ബിജി ജോജോ, പൊതുപ്രവർത്തകരായ ജോയി കളരിക്കൽ, ജോസുകുട്ടി പൂവേലിൽ, സാബു കാരയ്ക്കൽ എന്നിവർ ഉൾപ്പെട്ട സംഘം അമിനിറ്റി സെന്ററിലെത്തി സെന്റർ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

നൂലാമാലകളേറെ

മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ലണ്ടൻ മോഡൽ ബ്രിഡ്ജും അമിനിറ്റി സെന്ററുമാണ് ഉദ്ഘാടനത്തിന് ശേഷം അഞ്ച് വർഷം അടഞ്ഞു കിടന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അമിനിറ്റി സെന്ററും ലണ്ടൻ ബ്രിഡ്ജും ഉദ്ഘാടനം ചെയ്തത്. വിവിധ വകുപ്പുകൾ തമ്മിലുള്ള നൂലാമാലകളേറെയുണ്ടെങ്കിലും അതൊക്കെ വരുന്നിടത്ത് വച്ച് കാണാമെന്നാണ് തന്റെ നിലപാടെന്ന് സെന്റർ തുറന്നുകൊടുത്തുകൊണ്ട് ചെയർമാൻ പറഞ്ഞു.

ചെയർമാൻ ഷാജു വി. തുരുത്തന്റെ നടപടിയിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.

അമിനിറ്റി സെന്റർ തുറന്നുകൊടുത്ത ചെയർമാനെ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ പൊന്നാടയണിയിച്ചാദരിച്ചു. കെ.ടി.യു.സി. (എം) യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിലും ചെയർമാനെയും വൈസ് ചെയർപേഴ്‌സണേയും പുഷ്പഹാരമണിയിച്ചു.