കോട്ടയം : സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) കഴിഞ്ഞ വർഷം വിജയിച്ച ക്ലബ്ബുകൾക്ക് സമ്മാനതുകയായി ഇനിയും കിട്ടാനുള്ളത് കോടികൾ. ഇതോടെ നെഹൃട്രോഫി ജലോത്സവത്തിന് പരിശീലന തുഴച്ചിലിന് പണമില്ലാതെ ക്ലബ്ബുകൾ കടക്കെണിയിലായി.

ഒമ്പതു ചുണ്ടൻ വള്ളങ്ങൾ പങ്കെടുത്ത 2023 ലെ ലീഗിൽ അഞ്ചുടീമും കുമരകത്തു നിന്നായിരുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് (25 ലക്ഷം), യു.ബി.സി കൈനകരി (15 ലക്ഷം), കേരള പൊലീസ് (10 ലക്ഷം) എന്നീ ക്ലബ്ബുകൾക്ക് മാത്രം 50 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. ഒമ്പതു സ്ഥാനം വരെ ലഭിച്ച ചുണ്ടൻ വള്ളങ്ങൾക്കുള്ള പ്രൈസ് മണി കൂടിയാകുമ്പോൾ ഒരു കോടി കഴിയും. അടുത്ത ലീഗ് ആരംഭിക്കാറായിട്ടും പ്രൈസ് മണി എന്നു കിട്ടുമെന്ന് ബന്ധപ്പെട്ടവർ പറയുന്നില്ല. കുമരകത്തുനിന്ന് ടൗൺബോട്ട് ക്ലബ്ബ്,​ കുമരകം ബോട്ട് ക്ലബ്ബ്,​ എൻ.സി.ഡി.സി,​ വേമ്പനാട്, ബോട്ട് ക്ലബ്ബ് ,​ വില്ലേജ് ബോട്ട് ക്ലബ്ബ് എന്നീ ടീമുകൾ ലീഗിൽ പങ്കെടുത്തിരുന്നു. പ്രൈസ് മണി കിട്ടാതെ കടത്തിലായതിനാൽ ഇതിൽ മൂന്നു ടീമുകൾ നെഹൃട്രോഫിക്കുമില്ല. നെഹൃട്രോഫിയിൽ ആദ്യ ഒമ്പതു സ്ഥാനങ്ങൾ വരുന്ന ടീമുകൾക്കേ അടുത്ത ലീഗിൽ പങ്കെടുക്കാൻ കഴിയൂ.

പരിശീലനത്തിന് വേണം ഒരു കോടിയോളം

12 സ്ഥലത്തു നടക്കുന്ന ലീഗ് മത്സരങ്ങൾക്കായി ഒരു കോടിയോളം രൂപ ചെലവിട്ടാണ് ഓരോ ക്ലബ്ബുകളുംപരിശീലനം നടത്തുന്നത്. ഓരോ മത്സരത്തിലും ബോണസ് ലഭിക്കുമെങ്കിലും ഇത് നൂറിലേറെ തുഴക്കാർക്കുള്ള ഭക്ഷണചെലവിന് തികയില്ല.

യോഗ്യത ഒമ്പതു ചുണ്ടൻ വള്ളങ്ങൾക്ക്

നെഹൃട്രോഫിയിൽ ഏറ്റവും കുറഞ്ഞ സമയമെടുത്തു വിജയിക്കുന്ന ഒൻപത് ചുണ്ടൻ വള്ളങ്ങൾക്കാണ് സി.ബി.എല്ലിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുക. ആലപ്പുഴയിൽ തുടങ്ങി കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫിയിൽ അവസാനിക്കുന്ന 12 മത്സരങ്ങളാണ് സി.ബി.എല്ലിൽ. ഓഗസ്റ്റ് 10ന് നെഹൃട്രോഫി മത്സരത്തിനുള്ള പരിശീലന തുഴച്ചിൽ ഇപ്പോഴേ മിക്ക ക്ലബ്ബുകളും ആരംഭിച്ചിട്ടുണ്ട്. മൂന്നാഴ്ചത്തെ പരിശീലനത്തിന് ലക്ഷങ്ങളാകും. ബോട്ട് ലീഗിലെ പ്രൈസ് മണിയിൽ കടം വീട്ടാമെന്ന പ്രതീക്ഷയിലാണ് നെഹൃട്രോഫിയിൽ ആദ്യ ഒമ്പതു സ്ഥാനങ്ങളിലെത്താൻ കടം വാങ്ങിയും പരിശീലനം നടത്തുന്നത്. ഈ വർഷത്തെ സി.ബി.എൽ അറിയിപ്പ് വന്നിട്ടില്ല. നെഹൃട്രോഫി കഴിഞ്ഞ് ഏറെ വൈകി സി.ബി.എൽ ആരംഭിച്ചാൽ പരിശീലനത്തിന് പണച്ചിലവേറും. ഇതു താങ്ങാൻ പല ബോട്ട് ക്ലബ്ബുകൾക്കും കഴിയില്ല.