കുമരകം: വജ്ര ജൂബിലി വർഷത്തിൽ സ്വർണം കൊയ്ത് എസ്.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ. ആലുവയിൽ നടന്ന സംസ്ഥാനതല വടംവലി മത്സരത്തിൽ അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന ഫൈനലിൽ എറണാകുളം ജില്ലയെ കീഴ്‌പെടുത്തി കോട്ടയത്തിനായി മത്സരിച്ച എസ്.കെ.എമ്മിന്റെ ചുണക്കുട്ടന്മാർ ഒന്നാം സ്ഥാനവും സ്വർണമെഡലും കരസ്ഥമാക്കി നാടിന് അഭിമാനമായി. അമ്പതോളം കുട്ടികൾ ജില്ലയെ പ്രതിനിധീകരിച്ച് ആൺ, പെൺ വിഭാഗങ്ങളിലായി മത്സരിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ ആദരിച്ചു. കുട്ടികളെ പരിശീലിപ്പിച്ച് മത്സരത്തിനെത്തിച്ച സ്‌കൂൾ കായിക അദ്ധ്യാപകനായ പി.പി ഹരിയെയും കുട്ടികളെ നയിച്ച ടീം മാനേജർ കൂടിയായ അദ്ധ്യാപിക പി.ആർ പ്രസീതയേയും ആദരിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന അനുമോദന യോഗം സ്‌കൂൾ മാനേജർ എ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്.സുനിമോൾ, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു, പി.ടി.എ പ്രസിഡന്റ് വി.സി അഭിലാഷ്, ഹൈസ്‌കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സുജ പി. ഗോപാൽ എന്നിവർ പങ്കെടുത്തു.