കോട്ടയം : കർഷകരെ വേവിച്ച വേനൽ മഴയും, പിന്നാലെ കാലനെപ്പോലായ കാലവർഷവും സമ്മാനിച്ചത് 30.42 കോടിയുടെ കൃഷിനാശം.
മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റാണ് കർഷകർക്ക് കൂടുതൽ ദുരിതം വിതച്ചത്. ഈ മാസം 6.42 കോടി രൂപയുടെ കൃഷിയാണ് നശിച്ചത്. വേനൽ മഴയിൽ 24 കോടിയുടെ നാശമുണ്ടായതിന് പിന്നാലെയാണിത്. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ നാശം. 241.51 ഹെക്ടർ സ്ഥലത്തെ 1440 കർഷകരുടെ വിവിധ വിളകളാണ് നശിച്ചത്. കൂടുതലും വാഴയും, നെല്ലും. 176 ഹെക്ടർ സ്ഥലത്തെ 137 നെൽ കർഷകരെയാണ് ദുരിതം ബാധിച്ചത്. 2.63 കോടിയുടെ നഷ്ടമാണുണ്ടായത്. 541 കർഷകരുടെ 26 ഹെക്ടറിലെ മുപ്പതിനായിരത്തിനടുത്ത് വാഴകൾ നശിച്ചു. 1.60 കോടി രൂപയുടെ നാശം. വേനൽമഴയിലും സമാന സ്ഥിതിയായിരുന്നു. നെല്ലിനും, വാഴയ്ക്കും പുറമേ റബർ, കുരുമുളക്, ജാതി, കപ്പ, തെങ്ങ്,കവുങ്ങ്, മാങ്ങ, പച്ചക്കറി തുടങ്ങിയവയും നശിച്ചു.
ഓണക്കൃഷി വെള്ളത്തിലായി
ഓണം മുന്നിൽക്കണ്ടുള്ള കൃഷി നശിച്ചു
വാഴക്കർഷകർക്ക് തിരിച്ചടി
നാടൻ പച്ചക്കറി വിപണിക്ക് ദോഷം
944.5 മില്ലിമീറ്റർ മഴ, 43 വീടുകൾ തകർന്നു
ശരാശരി 944.5 മില്ലിമീറ്റർ മഴയാണ് കാലവർഷമായി ജില്ലയിൽ ലഭിച്ചത്. സാധാരണ പെയ്യേണ്ടതിനേക്കാൾ ഇത്തവണ നേരിയ കുറവുണ്ടായി.
എന്നാൽ അതിശക്തമായി വീശിയ ചുഴലിക്കാറ്റാണ് ദോഷം ചെയ്തത്. വ്യാപകമായ മണ്ണിടിച്ചിലാണ് മലയോരമേഖലയ്ക്ക് ദോഷം ചെയ്തത്. കൃഷിക്ക് പുറമേ നാല് വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നശിച്ചു.