പള്ളിക്കത്തോട്: കാൽ നൂറ്റാണ്ടിലധികം ആനിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ടിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട ഗോപകുമാർ സാർ എന്ന കെ.ഗോപകുമാർ സ്ഥാനമൊഴിഞ്ഞു. 1999 മുതൽ 2024 വരെ തുടർച്ചയായി 25 വർഷവും, 1984-87 കാലഘട്ടത്തിൽ മൂന്നുവർഷവും ഉൾപ്പടെ 28 വർഷം ഗോപകുമാർ ആനിക്കാട് സഹകരണ ബാങ്കിന്റെ സാരഥിയായിരുന്നു.
തുടർച്ചയായി മൂന്ന് തവണയിലധികം ഭരണസമതിയംഗമാവരുത് എന്ന സഹകരണ നിയമഭേദഗതി വന്നതിനെ തുടർന്നാണ് ഇത്തവണ മത്സരിക്കാതെ സ്ഥാനമൊഴിഞ്ഞത്.
1979 ൽ യു.ഡി.എഫ്.പാനലിൽ മത്സരിച്ചാണ് ആദ്യമായി ഭരണ സമതിയംഗമാകുന്നത്. 1984,87 ൽ വീണ്ടും യു.ഡി.എഫ്.പാനലിൽ മത്സരിച്ച് ആദ്യമായി ബാങ്ക് പ്രസിഡന്റായി. പള്ളിക്കത്തോട് പഞ്ചായത്ത് ഭരണ സമിതിയംഗമായതിനാൽ ബാങ്ക് തിരഞ്ഞെടുപ്പിന് ഇടവേള. 1999-2004 ഘട്ടത്തിൽ യു.ഡി.എഫ്.പാനലിൽ മത്സരിച്ച് വീണ്ടും പ്രസിഡന്റായി. തുടർന്ന് 2004 മുതൽ 2024 വരെ തുടർച്ചയായി എൽ.ഡി.എഫ്.പാനലിന് നേതൃത്വം നൽകി വിജയിച്ച് പ്രസിഡന്റായി.
1997ൽ അദ്ധ്യാപകജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ഗോപകുമാർ സഹകരണ മേഖലയിൽ കൂടുതൽ സജീവമായത്.ഭാര്യയും മൂന്ന് ആൺമക്കളുമുൾപ്പെടെ മുക്കാലിയിലെ പവിത്ര വീട്ടിലാണ് ഗോപകുമാർ താമസിക്കുന്നത്.
മികച്ച നേതാവ് !
ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനം ബാങ്കിനെ ഗ്രേഡ്1 ൽ നിന്ന് സൂപ്പർ ഗ്രേഡ് പദവിയിലേക്കുയർത്തി. ബ്രാഞ്ചുകളുടെ എണ്ണം 3ൽ നിന്ന് 7 ആയി. അവികസിത മേഖലയായ കുറുങ്കുടിയിൽ ബ്രാഞ്ച് തുടങ്ങിയത് പ്രശംസ പിടിച്ചുപറ്റി. ബാങ്കിന്റെ ചിലവിൽ റോഡും നിർമ്മിച്ചു. നാല് ബ്രാഞ്ചുകളിൽ വളം ഡിപ്പോകളും, നീതി സ്റ്റോറുകളും സ്ഥാപിച്ചതുൾപ്പെടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാങ്ക് ജനഹൃയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി.
കക്ഷി രാഷ്ട്രീയത്തിനതീതമായി ലഭിക്കുന്ന സ്‌നേഹാദരവുകൾ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു. ഒപ്പംനിന്ന് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണ സമിതിയംഗങ്ങൾക്ക് നന്ദി.
കെ.ഗോപകുമാർ