boat

കുമരകം : ആകെയുള്ളത് 2 ബോട്ടുകൾ, അതും കാലപ്പഴക്കം ചെന്നത്. ഒരെണ്ണം മിക്കപ്പോഴും തകരാറിൽ. സഞ്ചാരികളുടെ പറുദീസയായ കുമരകത്ത് നിന്ന് മുഹമ്മയിലേക്കുള്ള യാത്ര ഞാണിന്മേൽ കളിയാണ്. ജീവൻ തിരിച്ച് കിട്ടിയാൽ ഭാഗ്യം. നടുക്കായലിൽ ബോട്ടുകൾ കേടായി യാത്രക്കാർ കുടുങ്ങുന്നത് പതിവാണ്. മുഹമ്മ സ്റ്റേഷനിൽ നിന്ന് എസ് 55, എസ് 52 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ എസ് 55 ന് തകരാർ ഒഴിഞ്ഞിട്ട് നേരമില്ല. അറ്റകുറ്റപ്പണികൾക്കായി ആലപ്പുഴയിലെ ഡോക്കിലേയ്ക്ക് മാറ്റിയിട്ട് അഞ്ചുദിവസമായി. ഇതോടെ പടിഞ്ഞാറൻമേഖലയിൽ യാത്രാദുരിതവുമേറി. പുലർച്ചെ 5.45 ന് മുഹമ്മയിൽ നിന്ന് കുമരകത്തേയ്ക്കുള്ള ആദ്യ ട്രിപ്പ് മുതൽ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്നത് ഈ സർവീസിനെയാണ്. തണ്ണീർമുക്കം ബണ്ട് വഴി സഞ്ചരിയ്ക്കുന്നതിനേക്കാൾ സമയക്കുറവും ചെലവ് നഷ്ടവും ഒഴിവാക്കാം. ഇരുചക്ര വാഹനങ്ങളടക്കം കയറ്റാമെന്നതും നേട്ടമാണ്. 16 രൂപ മുടക്കി മുക്കാൽ മണിക്കൂർ കായൽ സവാരി ആസ്വദിക്കാമെന്നതിനാൽ സഞ്ചാരികൾക്കും ഏറെ താത്പര്യമാണ്.

തകരാർ തുടർക്കഥ

തിങ്കളാഴ്ച രാവിലെ 7.15 ന് എസ് 52 ബോട്ടിന്റെ പമ്പ് തകരാറിലായി

ഏതാനും നാൾ മുൻപ് കായലിന് നടുവിൽ എഞ്ചിൻ നിലച്ചു

 എൻജിൻ ശീതീകരണ സംവിധാനം പ്രവർത്തിക്കാതെയായി

ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് എഞ്ചിൻ നിയന്ത്രിച്ചു

''അറ്റകുറ്റപ്പണികൾക്ക് കൊണ്ടുപോയി ദിവസങ്ങൾ കഴിഞ്ഞിട്ടും പകരം ബോട്ട് എത്തിക്കാത്തതിനാൽ യാത്രക്കാർ ഏറെ വലയുകയാണ്. അധികൃതർ അനാസ്ഥ വെടിയണം. സുരക്ഷിതയാത്ര ഉറപ്പുവരുത്തണം.

രാജേഷ്, കുമരകം

മറക്കില്ല ജൂലായ് 27

29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടുദുരന്തം 2002 ജൂലായ് 27 നായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങൾ ജലരേഖയായി തുടരുകയാണ്. പുതിയ ബോട്ടുകൾ സർവീസിനിറക്കുക, കായലിലെ മൺതിട്ടകൾ നീക്കം ചെയ്യുക, കുമരകം , മുഹമ്മ ബോട്ടുജെട്ടികൾ നവീകരിക്കുക തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പായില്ല.

എല്ലാ വർഷവും ബോട്ടു ദുരന്ത അനുസ്മരണം മുഹമ്മയിലും കുമരകത്തും കൂടുന്നത് മാത്രം മിച്ചം.