rd-nga

കോട്ടയം: നാഗമ്പടം ശ്രീ മഹാദേവക്ഷേത്രത്തിലേക്കുള്ള റോഡിൽ കുണ്ടും കുഴിയും. മഴ പെയ്യുന്നതോടെ റോഡിൽ വെള്ളക്കെട്ടും. ദുരിതം നിറഞ്ഞ യാത്രയ്ക്ക് എന്ന് പരിഹാരമാകുമെന്നാണ് ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരും പ്രദേശവാസികളും ചോദിക്കുന്നത്.
രാമായണ മാസാചരണ ദിവസങ്ങളിൽ നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. എം.സി റോഡിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണിത്. റോഡിന്റെ ഒരു ഭാഗം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, ക്ഷേത്രത്തിന്റെ മുൻവശത്തുകൂടെയുള്ള റോഡ് ഭാഗത്തെ ടാറിംഗ് തകർന്നു കുഴികൾ രൂപപ്പെട്ട നിലയിലാണ്. ക്ഷേത്രത്തിലേക്കും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലേക്കും പോകുന്നതിനുള്ള പാത കൂടിയാണ് തകർന്നു കിടക്കുന്നത്.
ടാറിംഗ് തകർന്ന് റോഡിൽ മെറ്റലും മണലും നിരന്ന നിലയിലാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ് ഇവിടെ. മഴയായാൽ വെള്ളക്കെട്ടും വെയിലായാൽ പൊടിശല്യവും രൂക്ഷമാണ് ഇവിടെ. റോഡിലെ കുഴികൾ അടച്ച് റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.