കോട്ടയം: കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിൽ കണ്ടെത്തിയ പെരുന്തേനീച്ചക്കൂട് ഇന്നലെ രാത്രി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൂർണമായും നീക്കി. നേരത്തെ സ്കൂൾ അധികൃതർ മറ്റൊരാളെ കൂട് നീക്കം ചെയ്യാൻ എത്തിച്ചെങ്കിലും പൂർണമായും നീക്കാനായില്ലായിരുന്നു. തുടർന്നാണ് വനംവകുപ്പെത്തി ഇന്നലെ രാത്രി എട്ടോടെ തേനീച്ചക്കൂട് പൂർണമായും നീക്കിയത്.

തിങ്കളാഴ്ച്ചയാണ് സ്കൂളിലെ പുതിയ ബ്ലോക്കിന്റെ മൂന്നാം നിലയിൽ തേനീച്ചക്കൂട് കണ്ടെത്തിയത്. തേനീച്ചക്കൂട് മാറ്റുന്നതിനായി വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും സ്വകാര്യവ്യക്തികളെ ആശ്രയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേതുടർന്ന് പൂഞ്ഞാറിൽ നിന്നും ആളെ വരുത്തി തേനീച്ചക്കൂട് മാറ്റിയെങ്കിലും ഒരു ഭാഗം അവശേഷിച്ചിരുന്നു. ഇന്നലെ കെട്ടിടത്തിലെ മറ്റൊരു ഭാഗത്ത് വീണ്ടും തേനീച്ചകൾ കൂടുണ്ടാക്കുകയായിരുന്നു.

ഇന്നലെ രാവിലെ പാറമ്പുഴ വനം വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തിയിരുന്നു. 800ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ തേനീച്ച ഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അവധി നൽകിയിരുന്നു. ഇന്നലെ എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് അവധിയും നൽകി. ഹൈസ്‌കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ പഴയ ബിൽഡിംഗിലേക്ക് മാറ്റിയാണ് താത്കാലികമായി ക്ലാസ് നടത്തിയത്.