ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് തൊണ്ണൂറിന്റെ നിറവിൽ. ചങ്ങനാശേരിയിലെ ആദ്യത്തെ കമനീയമായ പ്രവേശനകവാട നിർമിതിയാണിത്. അതിരൂപത മുൻ അദ്ധ്യക്ഷൻ മാർ ജയിംസ് കാളാശേരിയാണ് പണികഴിപ്പിച്ചത്. 1934 ജൂലായ് 25നാണ് വെഞ്ചരിപ്പുകർമ്മം നിർവഹിച്ചത്. ഈശോയുടെ രക്ഷാകര രഹസ്യങ്ങളുടെ (റിഡംപ്ഷൻ, കുരിശുമരണം, ഉത്ഥാനം, സ്വർഗാരോഹണം തുടങ്ങിയവ) പൂർത്തീകരണത്തിന്റെ പത്തൊമ്പതാമത് ശതാബ്ദി ആഘോഷത്തിന്റെ സ്മാരകമായാണ് കവാടം പണികഴിപ്പിച്ചിട്ടുള്ളത്.
യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെ പഠിക്കുകയും ചെയ്ത മാർ കാളാശേരി ചങ്ങനാശേരി രൂപതയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റപ്പോൾ, വിദേശങ്ങളിൽ കണ്ടു പരിചയച്ചതുപോലെ ക്രൈസ്തവ സംസ്‌കാരത്തിന്റെ പ്രൗഢിയും ആഢ്യതയും വിളിച്ചോതുന്ന നിർമിതികൾ നാട്ടിലും വേണമെന്ന് ആഗ്രഹത്താൽ പണികഴിപ്പിച്ച നിർമിതിയാണിത്.