jeep

കോട്ടയം: കൊല്ലാട് മൂലവട്ടം കുന്നംമ്പള്ളി കുറ്റിയിൽ സിബി കുര്യന്റെ വീട്ടുമുറ്റത്തെ വർക്ക്‌ഷോപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന ജീപ്പും ഓട്ടോറിക്ഷയും കത്തി നശിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. വർക്ക്ഷോപ്പിൽ നന്നാക്കുന്നതിനായി കൊണ്ടുവന്ന മഹേന്ദ്ര എൻഡവർ ജീപ്പും, സിബിയുടെ ഉടമസ്ഥയിലുള്ള ആപ്പേ ഓട്ടോയുമാണ് കത്തിനശിച്ചത്. ജീപ്പ് പൂർണ്ണമായി കത്തിനശിച്ചു. സിബി ഭാര്യയെ ജോലിയ്ക്ക് വിടുന്നതിനായി മൂലവട്ടം ദിവാൻ കവലയിൽ പോയ സമയത്താണ് വർക്ക് ഷോപ്പിന് തീപിടിച്ചത്.

തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്ന് അഗ്നിശമനസേനാധികൃതർ പറഞ്ഞു. ലക്ഷണക്കിന് രൂപയുടെനാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന മണവും തീയും പുകയും ഉയരുന്നത് കണ്ടാണ് സമീപവാസി പുറത്തിറങ്ങി നോക്കിയത്.ഉടൻ മറ്റ് സമീപവാസികളെയും അഗ്നിശമനസേനയേയും വിവരം അറിയിച്ചു. കോട്ടയം അഗ്നിശമനസേനയിലെ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എസ്.ആർ ഷാബു, എസ്.എഫ്.ആർ.ഒ സി.സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീഅണച്ചു. മറ്റ് അപകടങ്ങളില്ല.