പാലാ: കഴിഞ്ഞ കുറേ ദിവസങ്ങളായി മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വീടും കൃഷിയും നഷ്ടപ്പെട്ടവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കിസാൻ സഭ ജില്ലാ പ്രസിഡന്റ് അഡ്വ. തോമസ് വി.റ്റി ആവശ്യപ്പെട്ടു. വാഴ, റബ്ബർ, കപ്പ മുതലായ കൃഷികൾക്കാണ് വ്യാപക നാശം ഉണ്ടായത്. ബാങ്കുകളിൽനിന്നും, സ്വകാര്യ വ്യക്തികളിൽ നിന്നും കടം വാങ്ങിയാണ് പലരും കൃഷി ചെയ്തിരിക്കുന്നത്. പൈസ തിരിച്ചു നൽകാൻ കഴിയാതെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. ഇവരെ സഹായിക്കുന്ന കാര്യത്തിൽ സർക്കാർ അലംഭാവം കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് ഭാഗീകമായോ പൂർണമായോ നാശം സംഭവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ പരിശോധന നടത്തി വീട് പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും തോമസ് വി.റ്റി. ആവശ്യപ്പെട്ടു.