പാലാ: ടൗണിലെ പാർക്കിംഗിന്റെ കാര്യത്തിൽ നിയമം പാലിക്കാൻ എന്തേ ഡ്രൈവർമാർക്കിത്ര ബുദ്ധിമുട്ട്...? കഴിഞ്ഞ ദിവസം മുതൽ ഏർപ്പെടുത്തിയ നഗരവീഥിയിൽ ഇടതുവശം മാത്രം ചേർന്നുള്ള പാർക്കിംഗ് സംവിധാനം അനുസരിക്കാതിരുന്ന നിരവധി ഡ്രൈവർമാർക്കെതിരെ പാലാ ട്രാഫിക് പൊലീസ് കേസെടുത്തു.

വലതുവശത്ത് പാർക്ക് ചെയ്തിരുന്നതും ടൗൺ ബസ് സ്റ്റാന്റിൽ അനധികൃതമായി കയറിയതും ജനറൽ ആശുപത്രി റോഡിൽ അനധികൃത പാർക്കിംഗ് നടത്തിയതുമായി ബന്ധപ്പെട്ട് 40ഓളം കേസുകളാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ പൊലീസ് എടുത്തത്. ഇവരിൽ നിന്നെല്ലാം പിഴ ഈടാക്കും.

നഗരത്തിലെ ഏറ്റവും തിരക്കേറിയ കുരിശുപള്ളി ജംഗ്ഷൻ മുതൽ ളാലം പാലം വരെയുള്ള ഭാഗത്തും കുരിശുപള്ളി ജംഗ്ഷനിൽ നിന്നും സെന്റ് മേരീസ് സ്‌കൂളിലേക്കും രാമപുരത്തേക്കുമുള്ള റോഡുകളിൽ ഇടതുവശത്തുമാത്രമേ പാർക്കിംഗ് അനുവദിക്കൂ. ഇത് സംബന്ധിച്ച് പത്രമാദ്ധ്യമങ്ങളിൽ വിശദമായ വാർത്തകൾ വന്നിരുന്നെങ്കിലും ഇതൊന്നും മനസിലാക്കാതെ ചില ഡ്രൈവർമാർ ഇന്നലെ നിയമലംഘനം നടത്തുകയാണുണ്ടായതെന്ന് പൊലീസ് കണ്ടെത്തി.

നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിന് ഗതാഗത ഉപദേശക സമിതിയുടെ തീരുമാന പ്രകാരം എടുത്ത പാർക്കിംഗ് ക്രമീകരണത്തോട് എല്ലാ ഡ്രൈവർമാരും സഹകരിക്കണമെന്ന് പാലാ ഡി.വൈ.എസ്.പി. കെ. സദൻ പറഞ്ഞു. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്നും പാലാ ട്രാഫിക് പൊലീസിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.