കോട്ടയം : കേന്ദ്ര ബഡ്ജറ്റിലായിരുന്നു അവസാന പ്രതീക്ഷ. അതും വലിപ്പിച്ചതോടെ ആകെ വലഞ്ഞിരിക്കുകയാണ് റബർ കർഷകർ. നിരാശയുടെ നടുക്കടലിലായ പലരും കൃഷി ഉപേക്ഷിച്ച് മറ്റ് വഴികൾ തേടുന്നതിനെപ്പറ്റിയുള്ള ആലോചനയിലാണ്. താരതമ്യേന വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ബഡ്ജറ്റിൽ നിർണായക പരാമർശമുണ്ടായാൽ ഒരു പതിറ്റാണ്ടായി തുടരുന്ന നിരാശയ്ക്ക് പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. തുടർച്ചയായ ബഡ്ജറ്റുകളിൽ റബർ കർഷകരെ അവഗണിക്കുന്നത് പതിവാണ്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ നേതാക്കളുടെ വാക്കുകളിൽ എല്ലാവരും വിശ്വസിച്ചു. സംസ്ഥാന ബഡ്ജറ്റുകളിൽ താങ്ങുവില പദ്ധതി പ്രഖ്യാപനമുണ്ടാകാറുണ്ടെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. റബർ ബോർഡിനുള്ള പതിവ് വിഹിതം മാത്രമാണ് കേന്ദ്ര ബഡ്ജറ്റിൽ
ലഭിച്ചത്. ഇതാകട്ടെ ബോർഡിന്റെ ദൈനംദിന കാര്യങ്ങൾക്ക് മാത്രമേ ഉപകരിക്കൂ. ഫീൽഡ് ഓഫീസർമാരുടെ ഉൾപ്പെടെ കുറവ് അനുഭവപ്പെടുന്നതിനാൽ കർഷകർക്ക് ബോർഡിൽ നിന്ന് പ്രായോഗിക സേവനങ്ങളും ലഭ്യമല്ല. സബ്സിഡികളും മുടങ്ങിയ അവസ്ഥയിലാണ്.
വിടാതെ ചൂഷണം, നിരാശ മാത്രം
ഷീറ്റ് റബറിനെ പിന്തള്ളി ലാറ്റക്സ് വില മുന്നേറുമ്പോഴും കർഷകർ ചൂഷണത്തിനിരയാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഡി.ആർ.സിയുടെ (ഉണക്ക് റബറിന്റെ അംശം) അളവിലാണ് ലാറ്റക്സ് വില നിർണയം. പാൽ ശേഖരിക്കുന്ന കമ്പനികൾ തന്നെ ഡി.ആർ.സി നിശ്ചയിച്ച് വില നൽകുകയാണ് ചെയ്യുക. എന്നാൽ, പല കമ്പനികളും ശരിയായ രീതിയിൽ ഡി.ആർ.സി. നിശ്ചയിക്കാതെ കുറഞ്ഞ വില നൽകുന്നതായി കർഷകർ പറയുന്നു. നിലവിൽ ലാറ്റക്സ് വില 240 രൂപയാണെങ്കിലും കർഷകർക്ക് 10 മുതൽ 15 രൂപ വരെ കുറച്ചേ ലഭിക്കുന്നുള്ളൂ.
പാഴായ പ്രതീക്ഷകൾ
കാർഷിക വിളയായുള്ള പ്രഖ്യാപനം
കയറ്റുമതി പ്രോത്സാഹന പദ്ധതികൾ
ഇറക്കുമതി തീരുവ വർദ്ധനവ്
താങ്ങുവില വർദ്ധനവ്
റബർ അധിഷ്ഠിത വ്യവസായ പദ്ധതികൾ
സബ്സിഡി വർദ്ധനവ്