കോട്ടയം: പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിന്ന് ഞങ്ങൾക്ക് എന്നാണ് ശാപമോക്ഷം ലഭിക്കുക. അതിരമ്പുഴ പഞ്ചായത്തിലെ 19ാം വാർഡിലെ ജനങ്ങൾ അധികാരികളോട് ചോദിക്കുകയാണ്. വേലംകുളം ലിസ്യു നടയ്ക്കപ്പാലം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. റോഡ് നവീകരണത്തിനായി എം.എൽ.എ ഫണ്ട് ലഭിച്ചിട്ടും അനങ്ങാപ്പാറ നയത്തിലാണ് അധികൃതർ.
മഴക്കാലത്ത് കുതിച്ചെത്തുന്ന വെള്ളം ഒഴുകിയെത്തുന്നതോടെ ഓടയ്ക്ക് സമാനമാണ് റോഡ്. പൊട്ടിത്തകർന്ന് കിടക്കുന്ന റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ, ഇതുവഴിയുള്ള യാത്രയും ദുർഘടം പിടിച്ചതായി. ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. വെള്ളപ്പൊക്ക സമയത്ത് നടക്കപ്പാലത്തിന്റെ താഴെയുള്ള റോഡിൽ രണ്ടര അടിയോളം വെള്ളം റോഡിൽ കയറാറുണ്ട്. ഈ സമയങ്ങളിൽ ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും റോഡിലൂടെ കടന്നുപോകാൻ സാധിക്കില്ല. പഞ്ചായത്ത് അധികൃതരോട് റോഡ് നന്നാക്കുന്നതിനായി നിരവധി തവണ ആവശ്യപ്പെട്ടിട്ടും നോക്കുകുത്തിയാകുകയാണ്.
പ്രതിഷേധ ധർണ 27ന്
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് വൈകുന്നേരം 5ന് വേലംകുളം കുരിശുപള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തും. ധർണ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്യും. ആം ആദ്മി പാർട്ടി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ അദ്ധ്യക്ഷത വഹിക്കും. പ്രമേയം അവതരിപ്പിച്ചുകൊണ്ട് എ.എ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ, സജി ഇരുപ്പുമല, ജസ്റ്റിൻ മാത്യു മുണ്ടയ്ക്കൽ, പി.ജെ ജോസഫ് പാക്കുമല, ബെന്നി ലുക്കാ മ്ലാവിൽ, വർഗീസ് മഞ്ചേരികളം, ജോയി ചെമ്പനാനി, ത്രേസ്യാമ്മ അലക്‌സ് മുകളേൽ, ലൂസി തോമസ് ചെറുവള്ളിപറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.