homeo

പാലാ: ഗവൺമെന്റ് ഹോമിയോ ആശുപത്രി ഇനി പഴയ ഹോമിയോ ആശുപത്രിയല്ല. ഇവിടെ ആധുനിക സൗകര്യങ്ങളോടെ പുതിയ ബ്ലോക്ക് പണിതുയർത്തുകയാണ്. ഒരു കോടി രൂപ ചിലവഴിച്ചുള്ള വിപുലമായ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ ഇനി നടപ്പാവുക.

ആശുപത്രിയിൽ കിടത്തി ചികിത്സക്കായി ഐ.പി ബ്ലോക്ക് നിർമ്മിക്കുവാൻ ഒരു കോടി രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ അറിയിച്ചു. ഇതിനായുള്ള ഡി.പി.ആറിന് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. നാഷണൽ ആയുഷ് മിഷൻ ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണം.

സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകളോടുകൂടിയ കെട്ടിടമാണ് ഇതിനായി നിർമ്മിക്കുക. നഴ്‌സസ് സ്റ്റേഷൻ, ഡൈനിംഗ് റൂം, സ്റ്റോർ, അടുക്കള, ടോയ്‌ലറ്റുകൾ എന്നിവയും ഈ മന്ദിരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ആശുപത്രി മന്ദിരത്തിന് പിൻഭാഗത്തുള്ള സ്ഥലമാണ് പുതിയ കെട്ടിടത്തിനായി പ്രയോജനപ്പെടുത്തുക. കേരള ഹെൽത്ത് റിസേർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയാണ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.


ദിവസേന 200ൽപരം രോഗികൾ

ഗവ. ഹോമിയോ ആശുപത്രിയിൽ ദിവസേന 200ൽപരം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പല രോഗങ്ങൾക്കും ഹോമിയോ ചികിത്സ ഏറെ ഫലപ്രദമാണെന്ന തിരിച്ചറിവിലാണ് ഇത്രയും രോഗികൾ ദിവസേന ഇവിടെ എത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ ചെറിയാൻ പറഞ്ഞു.

25 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണിവിടെ ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വാർഡുകളുണ്ട്. അഞ്ച് ബെഡ്ഡുകൾ പാലിയേറ്റീവ് രോഗികൾക്കായും അഞ്ച് ബെഡ്ഡുകൾ കുട്ടികളുടെ ചികിത്സാ വിഭാഗത്തിനായും മാറ്റിവച്ചിരിക്കുകയാണ്. ഒൻപത് ഡോക്ടർമാരുൾപ്പെടെ 20ഓളം ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. കോവിഡ് കാലഘട്ടത്തിലും മറ്റും ഈ ഹോമിയോ ആശുപത്രി പാവപ്പെട്ട രോഗികൾക്ക് നല്കിയ സേവനം വളരെ വലുതാണ്.

സുനിൽ പാലാ