കുമരകം : കുമരകം മുത്തേരിമടയാറ്റിൽ വച്ച് നടക്കുന്ന പരിശീലനത്തുഴച്ചിലിന് പ്രതിസന്ധിയായി പോള ശല്യം രൂക്ഷം. തിരുവാർപ്പ് - മുത്തേരിമട ആറ്റിലും, മുത്തേരിമട വേമ്പനാട്ടുകായൽ തോട്ടിലും പോളക്കൂട്ടങ്ങൾ ഇരുകരകളും തിങ്ങി നിറഞ്ഞ് ഒഴുകുകയാണ്. നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങളും, വെപ്പ്, ഇരുട്ടുകുത്തി തുടങ്ങിയ മറ്റു കളിവള്ളങ്ങളും പരിശീലനം നടത്തുന്നത് മുത്തേരിമടയാറ്റിലാണ്. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ പരിശീലനത്തിന് എത്തിയെങ്കിലും പോള ശല്യം രൂക്ഷമായതിനാൽ തൽക്കാലം കായലിലേക്ക് പരിശീലനം മാറ്റേണ്ടി വന്നു. കുമരകം തിരുവാർപ്പ് പഞ്ചായത്തുകളിലായി കിടക്കുന്ന പാരേക്കാട് വെങ്ങാലിക്കാട് തട്ടാർകാട് പാടശേഖരത്തിൽ പുഞ്ചകൃഷിക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി പാടശേഖരത്ത് കിടന്ന് വളർന്ന് തിങ്ങിയ പോളക്കൂട്ടങ്ങൾ കർഷകർ തിരുവാർപ്പ് - മുത്തേരിമട ആറ്റിലേക്ക് തള്ളിവിടുന്നതാണ് തോട്ടിൽ പോള നിറയാൻ കാരണം. മഴ ശക്തമായ സമയങ്ങളിൽ തോട്ടിലേക്ക് ഇറക്കിവിട്ടിരുന്നത് വേമ്പനാട്ടുകായലിൽ ഒഴുകി എത്തിയിരുന്നതിനാൽ പ്രതിസന്ധി ഉണ്ടായിരുന്നില്ല. എന്നാൽ മഴ കുറഞ്ഞതിനാൽ നീരൊഴുക്ക് കുറയുകയും വേലിയേറ്റം ശക്തമാവുകയും ചെയ്തതോടെ തോട്ടിലേക്ക് ഇറക്കിവിടുന്ന പോളക്കൂട്ടങ്ങൾ തോടുകളിലാകെ പരന്ന് നിറയുന്ന സ്ഥിതിയാണ്. പോളക്കൂട്ടങ്ങൾ മത്സ്യ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. കായലിലും, തോടുകളിലും വല നീട്ടാൻ പറ്റാത്ത അവസ്ഥയാണ്.

മത്സ്യ തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പോള തള്ളിവിടുന്ന കർഷകരെ നേരിട്ട് അറിയിച്ചെങ്കിലും അതൊന്നും വക വയ്ക്കാതെ പോള തള്ളൽ തുടരുകയാണ്. നിയമവിരുദ്ധമായ പ്രവർത്തി അവസാനിപ്പിക്കണം.

-പ്രവീൺ - സെക്രട്ടറി, മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു