മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്തിൽ നിന്നും സാധന സാമഗ്രികൾ മോഷണം പോയതായുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, വൈസ് പ്രസിഡന്റ് പി.ഡി.പ്രകാശ് എന്നിവർ അറിയിച്ചു. ഒാഫീസിന്റെ മുകൾ നിലയിലെ ജി.എ. ഷീറ്റിന് കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചു. ചോർച്ചയുണ്ടായി. തുടർന്ന് പുതിയ റൂഫിംഗ് സംവിധാനം ഒരുക്കി. നിർമ്മാണ ജോലി പൂർത്തീകരിച്ചപ്പോൾ ഹാൾ വൃത്തിയാക്കുന്നതിനുവേണ്ടി ഇവിടെയുണ്ടായിരുന്ന പഴയ സാധനങ്ങൾ താഴേക്ക് ഇറക്കുവാൻ കരാറുകാരൻ ഞായറാഴ്ച രാവിലെ എത്തി. ഓവർസീയർ ആണ് താക്കോൽ നൽകിയത്. താഴേക്ക് സാധനങ്ങൾ ഇറക്കി വക്കുന്നതിനിടയിൽ ചിലരെത്തി മോഷണമാണെന്നു തെറ്റിദ്ധരിച്ചു വാഹനം തടഞ്ഞു. വൈസ് പ്രസിഡന്റ് ഇടപെട്ടു പിന്നീട് ശുചീകരണത്തിനു ശേഷം കൃത്യമായി പഴയ സാധനങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി ചിലർ വ്യാജ പ്രചാരണവും പോസ്റ്റർ പതിപ്പിക്കലും നടത്തുകയാണ്. പഞ്ചായത്തിൽ വേനൽക്കാലത്ത് കൂടുതൽ തുകയ്ക്ക് കുടിവെളള വിതരണത്തിന് ക്വട്ടേഷൻ നൽകിയത് മാറ്റിവച്ച് കുറഞ്ഞ തുക ക്വട്ടേഷൻ അനുവദിച്ചു നൽകിയിരുന്നു. ഇതിന്റെ പകപോക്കലാണ് മുൻജനപ്രതിനിധി കൂടിയായ ഒരാളുടെ നേതൃത്വത്തിൽ വ്യാജ പ്രചരണം നടത്താൻ കാരണം. ആളുകളിൽ അനാവശ്യ സംശയത്തിനിടയാക്കിയ ഇംപ്ലിമെന്റ് ഓഫീസർ കൂടിയായ ഓവർസീയറോട് വിശദീകരണം ചോദിക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ സി.സി.തോമസ്, പിഎൻ.സുകുമാരൻ, ജാൻസി സാബു എന്നിവരും പങ്കെടുത്തു.