acc

കോട്ടയം: നഗരമദ്ധ്യത്തിൽ രണ്ടിടങ്ങളിലായി രണ്ട് അപകടങ്ങൾ. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ നാഗമ്പടത്തായിരുന്നു ആദ്യ അപകടം. എം.സി റോഡിൽ തടിലോറിയുടെ പിന്നിൽ സ്‌കൂട്ടർ ഇടിച്ച് തമിഴ്‌നാട് സ്വദേശി കനകരാജിന് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കർ ജംഗ്ഷനിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചായിരുന്നു രണ്ടാമത്തെ അപകടം. ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മ ടെസിക്ക് ഗുരുതര പരിക്കേറ്റു. വീട്ടമ്മ സഞ്ചരിച്ച സ്‌കൂട്ടറിൽ കോട്ടയം ഭരണങ്ങാനം റൂട്ടിൽ സർവീസ് നടത്തുന്ന ചെന്നിക്കര ബസ് ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ടെസിയുടെ കാലിലൂടെ ബസിന്റെ ചക്രം കയറി. റോഡിൽ വീണുകിടന്ന വീട്ടമ്മയെ നഗരസഭ ജീവനക്കാർ ചേർന്ന് നഗരസഭയുടെ ആംബലുൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.