edanadu-mcf

ഇടനാട്: ഒടുവിൽ ഇടനാട് ഗവ. എൽ.പി. സ്‌കൂളിന് മുന്നിലെ മാലിന്യക്കൂമ്പാരം കോരി നീക്കി. ഇവിടെ സ്ഥാപിച്ച എം.സി.എഫ് പഞ്ചായത്തിലേക്കും മാറ്റി. ഇതോടെ റോഡും സ്കൂൾ പരിസരവും ക്ലീൻ. ശുചീകരണത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് ഭരണസമിതിക്ക് നാട്ടുകാരുടെ വക നന്ദിയും.

മാലിന്യക്കൂമ്പാരം ഇന്നലെ ഉച്ചയോടെയാണ് പൂർണമായും കോരി നീക്കിയത്. ഇത് മറ്റൊരു പുരയിടത്തിൽ കുഴിച്ചുമൂടി.

നാലാം വാർഡ് മെമ്പർ ലിന്റൺ ജോസഫിന്റെ നേതൃത്വത്തിലെത്തിയ തൊഴിലാളികൾ ഒന്നരമണിക്കൂർ കൊണ്ടാണ് മാലിന്യം നീക്കിയത്.

ഇടനാട് സ്‌കൂളിന് മുന്നിലെ മാലിന്യകൂമ്പാരവും ഇതുമൂലം വിദ്യാർത്ഥികളുൾപ്പെടെയുള്ള പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും തുടർ വാർത്തകളിലൂടെ ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ, സെക്രട്ടറി ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ഇടനാട് സ്‌കൂളിൽ വിളിച്ചു ചേർക്കുകയും എത്രയും വേഗം മാലിന്യങ്ങൾ നീക്കുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ ജനങ്ങൾക്കുറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് മാലിന്യങ്ങൾ ഇവിടെ തള്ളാതിരിക്കാൻ സിസിടിവി ക്യാമറ ഉൾപ്പെടെയുള്ളവ സ്ഥാപിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി മാലിന്യം എത്രയുംവേഗം നീക്കാൻ നേതൃത്വം നൽകിയ പഞ്ചായത്ത് സമിതിയെയും ഇത് ജനശ്രദ്ധയിൽ കൊണ്ടുവന്ന കേരള കൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നു.

ജയചന്ദ്രൻ കോലത്ത് ഇടനാട് പൗരസമിതി പ്രസിഡന്റ്