രാമപുരം: പൊന്നു സാറേ , ഈ വവ്വാലുകളെക്കൊണ്ട് പൊറുതിമുട്ടി.... എന്തെങ്കിലും ഒന്ന് ചെയ്യണം പ്ലീസ് .... രാമപുരം
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ പരിദേവനം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടാണ് ! വവ്വാൽ ശല്യം മൂലം വിഷമിക്കുകയാണ് രാമപുരം വെള്ളിലാപ്പിള്ളി ഭാഗത്തെ കൂടുംബങ്ങൾ. ഇതോടൊപ്പം നിപ്പ ഭീതിയും ആശങ്കയുയർത്തുന്നു. പരാതി നൽകിയിട്ടും ആരോഗ്യവകുപ്പ് യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വീട്ടുമുറ്റത്തും തൊടിയിലുമുണ്ടാകുന്ന പഴവർഗങ്ങളൊന്നും ഈ നാട്ടുകാർക്ക് കഴിക്കാൻ ഭാഗ്യമില്ല. എല്ലാ വവ്വാലുകൾ കൂട്ടത്തോടെ തിന്ന് നശിപ്പിക്കും. സമീപകാലത്താണ് ശല്യം അതിരൂക്ഷമായത്.
സംസ്ഥാനത്ത് നിപ്പ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചു. വെള്ളിലാപ്പള്ളി വാർഡിലെ കിഴക്കേനാകത്ത്, മേനാംപറമ്പിൽ, കന്നുംകുളമ്പിൽ എന്നീ പുരയിടങ്ങളിലാണ് ആയിരക്കണക്കിന് വവ്വാലുകൾ കൂടുകൂട്ടിയിട്ടുള്ളത്.
അവ പറന്നെത്തും.
രാത്രികാലങ്ങളിൽ വിടുകൾക്കുള്ളിലും ഇവ പറന്നെത്തും. അലർജിയടക്കമുള്ള പല ആരോഗ്യപ്രശ്‌നങ്ങൾക്കും വവ്വാൽ സാന്നിധ്യം കാരണമാകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. റബർ തോട്ടങ്ങളിൽ നിന്നും വവ്വാലിന്റെ ശബ്ദം ആളുകളിൽ അലോസരത്തിനിടയാക്കുന്നു. നിപ്പയുടെ പശ്ചാത്തലത്തിൽ വവ്വാൽ ശല്യത്തിനെതിരെ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ മനോജ് ചിങ്കല്ലേൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. വവ്വാൽ സാന്നിധ്യമുള്ള പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 14ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണക്ഷേപം. പുതുവേലി തോടിന് സമീപവും വൻ വവ്വാൽ കൂട്ടം ചേക്കേറിയിട്ടുണ്ട്.