പാലാ: രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് ഭരണങ്ങാനത്ത് അൽഫോൻസാ സവിധത്തിൽ തുടക്കമാകുമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങൾ ഇന്ന് 3ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മുൻ അദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ വിൻസെന്റ് മാർ പൗലോസ്, പാലാ രൂപതാ വികാരി ജനറാൾമാർ, ഫൊറോന വികാരിമാർ തുടങ്ങിയവർ സഹകാർമ്മികരാവും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യ വികാരി ജനറാൾ മോൺ.ജോസഫ് തടത്തിൽ എന്നിവർ പ്രസംഗിക്കും.
1950 ജൂലൈ 25 ന് 12ാം പീയൂസ് മാർപാപ്പായുടെ തിരുവെഴുത്തിലൂടെയാണ് പാലാ രൂപത നിലവിൽ വന്നത്. മാർ സെബാസ്റ്റ്യൻ വയലിലായിരുന്നു പ്രഥമ ബിഷപ്. ചങ്ങനാശേരി രൂപത വിഭജിച്ച് കുറവിലങ്ങാട്, പാലാ, മുട്ടുചിറ, ആനക്കല്ല് എന്നീ അഞ്ച് ഫൊറോനകൾ ഉൾപ്പെടുത്തി രൂപീകരിച്ച പാലാ രൂപത ഇന്ന് 17 ഫൊറോനകളിലായി 171 ഇടവകകളായി വളർന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാലാ രൂപത മൂന്നേകാൽ ലക്ഷത്തോളം വിശ്വാസികൾക്ക് ആത്മീയനേതൃത്വം സമ്മാനിക്കുന്നു. പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽ, തുടർന്ന് ചുമതലയേറ്റ മാർജോസഫ് പള്ളിക്കാപ്പറമ്പിൽ, സഹായമെത്രാനായിരുന്ന മാർജേക്കബ് മുരിക്കൻ എന്നിവർ രൂപതയുടെ വളർച്ചയിൽ അതുല്യമായ സംഭാവനയാണ് നൽകിയത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ബിഷപ് മാർജോസഫ് കല്ലറങ്ങാട്ട്, മോൺ. ഫാ. ജോസഫ് തടത്തിൽ, ഫാ.ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ.ജോസഫ് മണർകാട്ട്, ഫാ. ജെയിംസ് പനച്ചിക്കൽകരോട്ട്, ഫാ.ജോൺ പാക്കരമ്പേൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.