കോട്ടയം: കുമരകത്തും പരിസരങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി പരാതി. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, റിസോർട്ടുകളുടെ ജീവനക്കാർക്കും ഇടയിൽ വിതരണം നടത്തുന്ന സംഘങ്ങൾ സജീവമായി. ഒരു മാസം മുമ്പ് മൂന്നര കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ കുമരകത്ത് പിടിയിലായിരുന്നു. ഇവർ കുമരകത്തും പരിസരങ്ങളിലും ഉള്ള ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുവാൻ എത്തിയതെന്നായിരുന്നു എക്സൈസിന് വിവരം ലഭിച്ചത്. ഇതേ മാതൃകയിൽ കുമരകത്ത് കച്ചവടം നടത്തുന്നതിനായി ആലപ്പുഴയിൽ നിന്നും കഞ്ചാവുമായി വന്ന ആക്രിക്കാരനെ എക്സൈസ് സംഘം പിടികൂടി. വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് പ്ലാസ്റ്റിക് കുപ്പികളും സാധനങ്ങളും ശേഖരിക്കുന്ന സംഘത്തിലുള്ള ആളെയാണ് പിടികൂടിയത്. നിരവധി അന്യസംസ്ഥാന തൊഴിലാളികൾ ആണ് പ്ലാസ്റ്റിക് ശേഖരണത്തിന്റെ പേരിൽ ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ഇവരുടെ ക്രിമിനൽ പശ്ചാത്തലമടക്കമുള്ള വിവരങ്ങൾ പൊലീസിന്റെ പക്കലില്ല. ഇടയ്ക്കിടെ നാട്ടിൽ പോകുന്ന ഇവരിൽ ചിലർ കൂടുതൽ ആൾക്കാരുമായാണ് മടങ്ങിവരുന്നത്. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും പലപ്പോഴും നടുറോഡി ൽ ഇവർ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുന്നത് ക്രമസമാധാന പ്രശ്നവുമാകാറുണ്ട്.