nh

മുണ്ടക്കയം ഈസ്റ്റ്: പാതയോരമെങ്കിലും വൃത്തിയാക്കിയിരുന്നെങ്കിൽ? ഏറെ അമർഷത്തോടെയാണ് ദേശീയപാതയിലൂടെ വാഹനയാത്രക്കാർ കടന്നുപോകുന്നത്. ദേശീയപാതയിൽ 35ാംമൈൽ മുതൽ കുട്ടിക്കാനം വരെ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡുകൾ പോലും കാട് മൂടിയതോടെ വാഹനയാത്ര അത്രയേറെ സാഹസികമായി. മുൻകാലങ്ങളിൽ റോഡിന്റെ വശങ്ങളിലെ കാടുകൾ വെട്ടിമാറ്റി വാഹനയാത്രയും കാൽനടയാത്രയും സുഗമമാക്കിയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് റോഡിലെ കളനീക്കം ചെയ്തതയിനത്തിൽ സാമ്പത്തികക്രമക്കേട് നടന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാട് വെട്ടിമാറ്റാതെ ഈ ഇനത്തിൽ ദേശീയപാത വിഭാഗം വൻതുക ചെലവഴിച്ചെന്നകണക്ക് പുറത്തുവന്നത് വിവാദമായി. ഇതിനുശേഷം പാതയുടെ വശങ്ങളിൽ വളരുന്ന കാട് വെട്ടിമാറ്റാൻ ദേശീയപാത വിഭാഗം തയാറായിട്ടില്ല.

എവിടേക്ക്... ഒരു സൂചനയുമില്ല

റോഡിൽ നിറയെ കൊടുംവളവുകളും കുത്തിറക്കവും. ആദ്യമായി ഈ റൂട്ടിൽ സഞ്ചരിക്കുന്നവർ നന്നോ വലയും. വളവുകൾ ഉൾപ്പെടെ തിരിച്ചറിയാൻ സ്ഥാപിച്ച ദിശാബോർഡുകൾ ഉൾപ്പെടെ ഇപ്പോൾ കാട്ടിലുണ്ട്. റോഡിൽ ദിവസവും അപകടങ്ങളാണ്. രാത്രികാലങ്ങളിൽ കോടമഞ്ഞ് ഇറങ്ങുന്നതോടെ മേഖലയിലൂടെയുള്ള വാഹന യാത്രദുഷ്‌കരമാകും.

സൂചന ലൈറ്റുകൾ

സിഗ്‌നൽ ലൈറ്റുകളുടെ അഭാവം പരിഹരിക്കുന്നതിനായി കഴിഞ്ഞദിവസം അപകടങ്ങൾ കൂടുതൽ സംഭവിക്കുന്നയിടങ്ങളിൽ അപകട സൂചന ലൈറ്റുകൾ സ്ഥാപിച്ചു. വഴി പരിചയമില്ലാത്ത വാഹന ഡ്രൈവർമാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

കാട് വളർന്നതോടെ റോഡിന്റെ വശത്തുകൂടിയുള്ള കാൽനടയാത്രപോലും അസാധ്യം.

കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ

ക്രാഷ് ബാരിയറുകൾ ഉൾപ്പെടെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.