കോട്ടയം: ദുരിതം തീരാതെ നഗരമദ്ധ്യത്തിലെ ചെല്ലിയൊഴുക്കം റോഡ്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡ് അടുത്തിടെ കുത്തിപ്പൊളിച്ചിരുന്നു. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് പൂർണമായും ടാറിംഗ് നടത്താൻ ഇതുവരെ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം പ്രതീക്ഷിച്ചാവാം പൈപ്പിടാനായി കുഴിയെടുത്ത ഭാഗം മാത്രം ടാറിംഗ് നടത്തി വാട്ടർ അതോറിറ്റി കടമ നിർവഹിച്ചിട്ടുണ്ട്. ആരെയോ ബോധിപ്പിക്കാനെന്ന മട്ടിൽ.
വെയിലായാൽ പൊടി, മഴ ആയാൽ വെള്ളക്കെട്ട് എന്നതാണ് കഴിഞ്ഞ കുറേക്കാലമായി റോഡിന്റെ അവസ്ഥ. നഗരമദ്ധ്യത്തിലെ പ്രധാന ഇടറോഡായ ഈ റോഡ് ബസേലിയേസ് കോളേജ് ജംഗ്ഷന് സമീപത്ത് നിന്നും ശാസ്ത്രി റോഡിലേക്ക് പ്രവേശിക്കുന്ന എളുപ്പ മാർഗമാണ്. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജനറൽ ആശുപത്രിയുടെ പിൻവശത്തെ റോഡ്, ബി.സി.എം കോളേജിന് പിൻവശത്തെ റോഡ്, ശീമാട്ടി റോഡ് എന്നീ ഇടറോഡുകളുടെ സ്ഥിതിയും സമാനം.
ആഴ്ചകൾക്ക് മുൻപാണ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പൈപ്പുകൾ സ്ഥാപിച്ച റോഡ് ഭാഗം മാത്രം റീടാർ ചെയ്തത്. എന്നാൽ, പിന്നീട് മഴയെ തുടർന്ന് പ്രവർത്തനം നിർത്തി. പൈപ്പിട്ട കുഴികൾ മാത്രം അടച്ചെങ്കിലും റോഡിന്റെ ശോച്യാവസ്ഥയിൽ മാറ്റമില്ല. എൻ.സി.സി ഓഫിസിന് മുന്നിലുള്ള റോഡ് പൂർണമായും തകർന്നു. ഇവിടെ പാകിയ ഇന്റർലോക്ക് കട്ടകളും തകർന്നു. റോഡിലെ വെള്ളക്കെട്ടിനും മാറ്റമില്ല. കുഴിയെ ഭയന്ന് ഇരുചക്ര വാഹനയാത്രക്കാർ ഓടയ്ക്ക് മുകളിലുള്ള സ്ലാബിലൂടെയാണ് കടന്നു പോകുന്നത്. ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ നിലയിലാണ് റോഡ്. ടാറിംഗ് പൂർണമായി പൊട്ടിപ്പൊളിഞ്ഞ് കല്ലും ചരലും നിറഞ്ഞു. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ഇവിടെ സാധിക്കില്ല.