ആണ്ടൂർ: ആണ്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിനു മുന്നിലെ റോഡിന്റെ അവസ്ഥ അങ്ങേയറ്റം ദയനീയം. ഇതുവഴി നിത്യേന സന്ദർശിക്കുന്ന വിദ്യാർത്ഥികളും ഭക്തരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മരങ്ങാട്ടുപളളി പഞ്ചായത്ത് അധികാരികളോട് ഒന്നേ ചോദിക്കാനുള്ളൂ. ഈ റോഡിന്റെ കോലം നിങ്ങൾ കണ്ടില്ലേ... നിങ്ങൾക്ക് അവിടെന്താ പണി...
പഞ്ചായത്തിലെ 6, 7 വാർഡുകൾ അതിരിടുന്ന കോഴിക്കൊമ്പിൽ നിന്നും പടിഞ്ഞാറ്റിൻകരക്കുള്ള റോഡിന്റെ ആണ്ടൂർ ക്ഷേത്രത്തിന് മുൻവശത്തെ റോഡാണ് ആകെ തകർന്നുതരിപ്പണമായി കിടക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സ്വന്തം വാർഡിലാണ് കുളമായ ഈ റോഡ്.
ഏറെ പ്രശസ്തമാണ് ആണ്ടൂർ ശ്രീ മഹാദേവക്ഷേത്രം. ക്ഷേത്രത്തിനു തൊട്ടു മുന്നിലൂടെയുള്ള റോഡ് ചോദിക്കാനും പറയാനും ആളില്ലാതെ ഇങ്ങനെ കിടന്നാൽ മതിയെന്നാണ് അധികാരികളുടെ നിലപാടെങ്കിൽ അതങ്ങ് പരണത്ത് വച്ചാൽ മതിയെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. അവഗണന ഇനിയും തുടർന്നാൽ പഞ്ചായത്ത് പടിക്കൽ സമരം നടത്തേണ്ടിവരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
പഞ്ചായത്തിൽ മുമ്പ് നിരവധി തവണ പരാതികൾ കൊടുത്തിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ല. പണ്ട് വെള്ളം ഒഴുകിക്കൊണ്ടിരുന്ന തോടാണ് പിന്നീട് റോഡായത്. മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന് സുഗമമായി പാടത്ത് ചെന്നുചേരുവാൻ ആവശ്യമായ ഓടകളോ, കലുങ്കുകളോ നിലവിൽ ഇല്ല എന്നത് പ്രശ്‌നം രൂക്ഷമാക്കുന്നു. ആണ്ടൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിൽ റോഡിന്റെ ഒരു വശത്ത് വെള്ളം കെട്ടിക്കിടന്നിരുന്ന കണ്ടം നികത്തപ്പെട്ടു. അതിനാൽ ഉയർന്ന പ്രദേശത്ത് നിന്ന് ഒഴുകി വരുന്ന മഴവെള്ളം റോഡിലൂടെ കുത്തിയൊലിച്ച് റോഡ് തകരുകയായിരുന്നു. ഇത്തരത്തിൽ ജലം കെട്ടിനിൽക്കുന്ന ഇടങ്ങൾ മണ്ണിട്ട് ഉയർത്തുമ്പോൾ വെള്ളം ഒഴുകാൻ റോഡിനടിയിലൂടെ മാർഗങ്ങൾ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഇവിടെ അങ്ങനെയൊരു സംവിധാനമുണ്ടാക്കിയിട്ടില്ല.
കാൽനടക്കാർ വീഴുന്നു, അധികാരികൾ കണ്ണടയ്ക്കുന്നു
കുളമായ റോഡിലൂടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള നിരവധി കാൽനടയാത്രക്കാർ സഞ്ചരിക്കുന്നു. പലർക്കും ഇവിടെ കുഴിയിൽ വീണ് പരിക്കേറ്റിട്ടുമുണ്ട്. എന്നിട്ടും പഞ്ചായത്ത് അധികൃതർക്ക് ഒരു കുലുക്കവുമില്ല.
ശ്രീജ ഗോപകുമാർ, ഏറത്തുരുത്തി ഇല്ലം, ആണ്ടൂർ.