കോട്ടയം : നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന നാട്ടകം ട്രാവൻകൂർ സിമന്റ്‌സിനെ രക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങൾ വിജയിച്ചില്ല. ടെൻഡർ നടപടികൾ പൊളിഞ്ഞതോടെ കാക്കനാട് വാഴക്കാലായിലെ 2.77 ഏക്കർ സ്ഥലം വിറ്റ് ബാദ്ധ്യത തീർക്കാമെന്ന പ്രതീക്ഷയും പൊലിഞ്ഞു. 9 മാസമായി ജീവനക്കാർക്ക് ശമ്പളമില്ല. വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റി ഇനത്തിൽ കിട്ടാനുള്ളത് കോടികളാണ്. ജപ്തി നടപടപടിയായതോടെയാണ് കോടതി നിർദ്ദേശപ്രകാരം സ്ഥലം വില്പനയിലേക്ക് കടന്നത്. ആഗോള ടെൻഡർ വിളിച്ചിട്ടും താത്പര്യം പ്രകടിപ്പിച്ചത് ഒരാളായിരുന്നു. തുടർചർച്ചയിൽ ഇയാൾ ഒഴിഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കി. ഇനി പുതിയ ടെൻഡർ വിളിക്കാൻ കാലത്താമസമെടുക്കും. അതുവരെ എങ്ങനെ ശമ്പളം നൽകുമെന്നതാണ് ചോദ്യം. ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ജീവനക്കാർക്ക് അത്യാവശ്യം സാധനങ്ങളടങ്ങിയ കിറ്റ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്. ഇത് എത്രകാലമുണ്ടാകുമെന്നറിയില്ല.
പാട്ട കുടിശിക എഴുതിത്തള്ളണം
സ്ഥലം വിറ്റാലും സംസ്ഥാന സർക്കാർ കോടികളുടെ പാട്ട കുടിശിക എഴുതിത്തള്ളാതെ പ്രതിസന്ധി അയയില്ലെന്നാണ് തൊഴിലാളി യൂണിയനുകൾ പറയുന്നത്. സമീപകാലത്ത് വിരമിച്ച ജീവനക്കാർക്ക് കോടികൾ നൽകാനുണ്ട്. വിരമിച്ച ദിവസം കണക്കാക്കി ഈ തുകയ്ക്ക് പത്തു ശതമാനം പലിശ കൂടി നൽണമെന്ന് ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. റവന്യൂ റിക്കവറി നടപടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നിട്ടും പണം കൊടുക്കാൻ സാധിച്ചില്ല. അഴിമതിയും സ്വജനപക്ഷപാതവും വൈവിദ്ധ്യവത്ക്കരണത്തിന് തയ്യാറാകാതിരുന്ന മാനേജ്മെന്റ് കെടുകാര്യസ്ഥതയുമാണ് സിമന്റ്സിനെ ഈ നിലയിലേക്ക് എത്തിച്ചത്.
ഫാക്ടറി സ്ഥാപിച്ചത് : 1946
ഉത്പാദനം തുടങ്ങിയത് : 1947
മാനേജ്മെന്റിന്റെ അലംഭാവമാണ് കാക്കനാട്ടെ കണ്ണായ സ്ഥലം കിട്ടുന്ന വിലക്ക് വിറ്റു കടം വീട്ടേണ്ട പ്രതിസന്ധി ഉണ്ടാക്കിയത്.പാട്ട കുടിശിക എഴുതിത്തള്ളുമെന്നാണ് പ്രതീക്ഷ.
അഡ്വ.വി.ബി.ബിനു (ജനറൽ സെക്രട്ടറി ,സിമന്റ്സ് വർക്കേഴ്സ് യൂണിയൻ)