sreerajmohanlal

ചങ്ങനാശേരി : ലാലേട്ടന്റെ വാക്കുകളെ ഹൃദയത്തോട് ചേർക്കുകയാണ് ഇത്തിത്താനം സ്വദേശി ശ്രീരാജ്. ദേവദൂതൻ വീണ്ടും തിയേറ്ററുകളിൽ ആവേശം തീർക്കുമ്പോൾ മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രത്തെ ഹൃദയംകൊണ്ടാണ് ശ്രീരാജ് വീടിന്റെ ചുവരിലേക്ക് പകർത്തിയത്. തന്റെ കലാസൃഷ്ടിയെ സാക്ഷാൽ മോഹൻലാൽ തന്നെ പ്രശംസിച്ചതോടെ ശ്രീരാജിന് അത് സ്വപ്നനേട്ടമായി.

ഇരുപത്തിരണ്ട് മണിക്കൂറെടുത്താണ് വ്യത്യസ്ത നിറങ്ങളുള്ള ചോക്കുകളാൽ ചിത്രമൊരുക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചതോടെ മോഹൻലാൽ നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. ഉടൻ നേരിൽ കാണണമെന്നും പറഞ്ഞു. വായുവിലും ക്യാൻവാസിലും മാത്രമല്ല, വെള്ളത്തിലും ശ്രീരാജ് മുമ്പ് മോഹൻലാലിന്റെ ചിത്രമൊരുക്കിയിരുന്നു.അരിമണിയിൽ ശ്രീരാജ് ഒരുക്കിയ പൃഥിരാജിന്റെ കുടുംബചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പെൻസിൽ ലെഡ് ഉപയോഗിച്ച് നിർമ്മിച്ച വീണ, വയലിൻ തുടങ്ങിയവയും ശ്രദ്ധേയമായി.

വിദേശത്തും ആവശ്യക്കാർ

ശ്രീരാജ് വരച്ച ചിത്രങ്ങൾക്ക് വിദേശത്തും ആവശ്യക്കാരേറെയുണ്ട്. തൃപ്പൂണിത്തറ ആർ.എൽ.വി കോളേജിൽ മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ബിരുദം പൂർത്തിയാക്കിയ ശ്രീരാജ് ഇപ്പോൾ സിനിമാ മേഖലയിൽ ആർട്ട് വർക്കുകൾ ചെയ്യുകയാണ്. സിനിമയിൽ മേഖലയിൽ തന്നെ തുടരാനാണ് ആഗ്രഹം.