black

കോട്ടയം: ടാപ്പിംഗ് മാന്ദ്യവും വിദേശ റബറിന്റെ ലഭ്യതയിലെ റബർ വില റെക്കാഡ് ഉയരത്തിലേക്ക് നയിക്കുന്നു. നിലവിൽ ആർ.എസ്.എസ് ഫോറിന് റബർ ബോർഡ് വില 218 രൂപയാണ്. മഴ ശക്തമായതിനാൽ ടാപ്പിംഗ് കുറവാണ്. ഷീറ്റ് ലഭ്യത കുറയുമെന്ന് മനസിലാക്കിയ ടയർ കമ്പനികൾ 220 രൂപ വിലയിൽ ചരക്ക് വാങ്ങി. ഉത്പാദനത്തിലെ ഇടിവും ഉപഭോഗത്തിലെ വർദ്ധനയും റബർ ഷീറ്റിന്റെ വില സർവകാല റെക്കാഡായ 240 രൂപ ഈ വർഷം തന്നെ കവിഞ്ഞേക്കുമെന്ന വിലയിരുത്തലാണ് വിപണി നൽകുന്നത്.

ജപ്പാനിലെ മാന്ദ്യം സിംഗപ്പൂർ,ചൈനീസ് വിപണികളെ ബാധിച്ചെങ്കിലും മുഖ്യ കയറ്റുമതി മേഖലയായ ബാങ്കോക്കിൽ വില ഉയരുകയാണ്. ഒരവസരത്തിൽ 161രൂപയിലേക്ക് ഇടിഞ്ഞ റബർ വില 184 രൂപലേക്ക് ഉയർന്നു. ചൈനയിൽ 172 രൂപ, ടോക്കിയോ 180 രൂപ എന്നിങ്ങനെയാണ് വില. ആഭ്യന്തര, അന്താരാഷ്ട്ര വിലയിലെ അന്തരം 40 രൂപയിൽ നിന്നും 34 രൂപയിലേക്ക് താഴ്ന്നു.

ലാറ്റക്സ് ഉത്പാദകർ കൂടുന്നു

ലാറ്റക്‌സ് വില അപ്രതീക്ഷിതമായി ഉയർന്നതോടെ ഷീറ്റ് അടിച്ച് ഉണക്കുന്ന ചെലവ് ഒഴിവാക്കി കർഷകർ ലാറ്റക്സിലേക്ക് തിരിഞ്ഞതാണ് ഷീറ്റ് ലഭ്യത കുറച്ചത്. കർഷകർ, ഇടനിലക്കാർ എന്നിവരിൽ നിന്ന് ഷീറ്റ് വരവ് കുറഞ്ഞാൽ വില ഇനിയും ഉയർന്നേക്കും .40 ശതമാനം തോട്ടങ്ങളിൽ മാത്രം റെയിൻ ഗാർഡ് ഉള്ളതിനാൽ. മഴ മാറിയതിന് ശേഷമേ ടാപ്പിംഗ് സജീവമാകൂ.അത് വരെ വില ഉയരുന്ന പ്രവണത തുടരും .

കുരുമുളകിന് കിലോ അഞ്ച് രൂപ കുറഞ്ഞു

കുരുമുളക് വില കഴിഞ്ഞ ആഴ്ചയിലും കിലോയ്‌ക്ക് അഞ്ച് രൂപ കുറഞ്ഞു .ഒരു മാസത്തിനുള്ളിൽ 31 രൂപയുടെ കുറവാണുണ്ടായത്. ഉത്തരേന്ത്യിലെ വെള്ളപ്പൊക്കം കുരുമുളക് ഡിമാൻഡ് കുറച്ചു . ഇറക്കുമതി ചെയ്ത ചരക്ക് സുലഭമായി ഉത്തരേന്ത്യൻ വിപണികളിൽ ലഭ്യമായതോടെയാണ് വില കൂടുതലുള്ള കേരള കുരുമുളകിന് ഡിമാൻഡ് കുറഞ്ഞത്. കുരുമുളക് സംസ്ക്കരിച്ചു സുഗന്ധ ദ്രവ്യമാക്കി മാറ്റുന്ന യൂണിറ്റുകൾ ആരംഭിച്ചതും ഭീഷണിയാണ്. വില ഇടിഞ്ഞതോടെ ശ്രീലങ്കയിൽ നിന്ന് നികുതിയടക്കം കിലോക്ക് 800 രൂപയ്‌ക്ക് എത്തിക്കുന്ന കുരുമുളക് വിൽക്കാൻ ഇറക്കുമതിക്കാർ ശ്രമിക്കുന്നതും വില ഇടിവിന് കാരണമായി.

ശ്രീലങ്ക കയറ്റുമതി നിരക്ക് 6800ൽ നിന്ന് 6500 ഡോളറായി താഴ്ന്നു .വിയറ്റ്നാം 7190ൽ നിന്ന് 7175 ഡോളറിലേക്കും ഇന്തോനേഷ്യ 7800ൽ നിന്ന് 7400 ഡോളറിലേക്കും കുറച്ചു.