എരുമേലി: പത്തു കോടി രൂപ അനുവദിച്ച് വർഷം ഒന്ന് പിന്നിട്ടിട്ടും എങ്ങുമെത്താതെ എരുമേലി മാസ്റ്റർ പ്ലാൻ. കഴിഞ്ഞവർഷം സംസ്ഥാന ബഡ്ജറ്റിലാണ് മാസ്റ്റർ പ്ലാന് പത്തു കോടി രൂപ അധികമായി പ്രഖ്യാപിച്ചത്. ഇതുവരെയും പ്ലാൻ തയാറാക്കിയിട്ടില്ലെന്ന് മാത്രമല്ല ഇതിനുള്ള ഏജൻസിയെ നിശ്ചയിച്ചിട്ടുമില്ല. അടുത്ത ശബരിമല സീസണിന് ഇനി മൂന്നു മാസം മാത്രമാണ് അവശേഷിക്കുന്നത്. മാസ്റ്റർപ്ലാൻ നടപ്പിലാക്കിയിരുന്നെങ്കിൽ ഈ സീസണിൽ എരുമേലിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്രം സംഭവിക്കുമായിരുന്നു.
അംഗീകൃത ഏജൻസിയെ തെരഞ്ഞെടുത്ത് പ്ലാൻ തയാറാക്കാൻ ദേവസ്വം ബോർഡിനാണ് സർക്കാർ ചുമതല നൽകിയിരുന്നത്. ഇതേത്തുടർന്ന് കഴിഞ്ഞവർഷം ജൂൺ ആറിന് ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന്
പ്ലാൻ തയാറാക്കാൻ ഒരു കൺസൾട്ടന്റ് സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിന് താത്പര്യപത്രം ക്ഷണിക്കാൻ ദേവസ്വം ബോർഡിനെ ചു മതലപ്പെടുത്തിയിരുന്നു. സ്‌പേസ് ആർട്ട് എന്ന സ്ഥാപനം നൽകിയ റിപ്പോർട്ട് അംഗീകരിച്ച് സ്ഥാപനത്തെ കൺസൾട്ടന്റായി അനുമതി നൽകി. എന്നാൽ ഈ സ്ഥാപനം പിന്മാറി. തുടർന്ന് മാർച്ച് 15ന് വീണ്ടും താത്പര്യപത്രം ക്ഷണി ച്ചെങ്കിലും ഒരു സ്ഥാപനവും മുന്നോട്ടുവന്നില്ല.
ലക്ഷ്യമിട്ടത്...
ശബരിമലയുടെ കവാടം, നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം,നിർദിഷ്ട ശബരി റെയിൽവേപാത എന്നിവ പരിഗണിച്ച് എരുമേലി ടൗണിന് ചുറ്റും റിംഗ് റോഡുകൾ, ടൗൺ പരിസരങ്ങളിലെ റോഡുകളുടെ വികസനം, കാര്യക്ഷമമായ മാലിന്യസംസ്‌കരണം തുടങ്ങിയവയായിരുന്നു മാസ്റ്റർപ്ലാനിന്റെ ലക്ഷ്യം.