wide

ചങ്ങനാശേരി : റവന്യൂ ടവറിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. താലൂക്കിലെ പ്രധാന സർക്കാർ ഓഫീസുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഏഴു നിലകളുണ്ട്. അഗ്‌നിബാധ ഉണ്ടായാൽ പ്രതിരോധിക്കുന്നതിനുള്ള ഫയർ ഹൈഡ്രന്റ് സിസ്റ്റത്തിന്റെ പൈപ്പുകൾ പലതും തുരുമ്പെടുത്തു നശിച്ചു. സംവിധാനത്തിന് ആവശ്യമായ 20000 ലിറ്റർ ശേശിയുള്ള ജലസ്രോതസ് എവിടെ എന്ന കാര്യത്തിൽ അധികൃതർക്ക് ഉത്തരമില്ല. കെട്ടിടത്തിലെ ഫയർ അലാറം സിസ്റ്റം ഉൾപ്പടെയുള്ളവയുടെ പ്രവർത്തനം സംബന്ധിച്ച് വർഷംതോറും നടത്തേണ്ട പരിശേധനകളെ സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. ഫയർ എക്സ്റ്റിഗ്വിഷർ സാമഗ്രികൾ, ഹോഴ്‌സുകൾ, ഹൈഡ്രന്റുകൾ തുടങ്ങിയ ഉപകരണങ്ങൾ സജ്ജീകരിച്ചാണ് ബിൽഡിംഗ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പിന്നീട് ഇവ കൃത്യമായി പരിപാലിക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. ദിനംപ്രതി ധാരാളം ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ഇവിടെ വന്നുപോകുന്നു.


അഗ്‌നിരക്ഷാ സംവിധാനങ്ങളില്ലാതെ കെട്ടിടങ്ങൾ

ബഹുനില സ്വകാര്യ കെട്ടിടങ്ങൾ, വൻകിട സ്ഥാപനങ്ങൾ, ആശുപത്രികൾ, വ്യവസായ ശാലകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ നിബന്ധനമാണ്. കെട്ടിടങ്ങളിൽ ഉൾവശത്തെ കോണിപ്പടിക്ക് പുറമേ ലിഫ്റ്റ്, എമർജൻസി മാർഗമായി കെട്ടിടത്തിലേക്ക് പുറമേ നിന്ന് പ്രത്യേക കോണിപ്പടി, ഫയർ അലാറം, ഫയർ എക്സ്റ്റിഗ്വിഷർ സാമഗ്രികൾ, ജലസ്രോതസ്, ഹോഴ്‌സുകൾ, ഫയർ ഹൈഡ്രന്റുകൾ തുടങ്ങിയ ഉപകരണങ്ങളും സൗകര്യങ്ങളും സജ്ജീകരിക്കേണ്ടതാണ്. എന്നാൽ സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് പല കെട്ടിട നിർമ്മാതാക്കളും ഇതെല്ലാം അവഗണിക്കുന്നു. നിബന്ധനകൾ പാലിക്കാതെ തന്നെ ഭരണത്തിലുള്ള സ്വാധീനത്തിലൂടെ അനുമതി നേടിയെടുക്കുന്നു. ഇക്കാര്യങ്ങൾ പരശോധിക്കാനും പിഴ ചുമത്താനും ഫയർ ഫോഴ്‌സ് ജീവനക്കാർക്ക് സർക്കാർ അനുവാദം നൽകുന്നുമില്ല.