കോട്ടയം: നഗരമദ്ധ്യത്തിൽ അധികൃതരുടെ മൂക്കിന് കീഴെയാണ് നടുവൊടിക്കും കുഴികൾ. ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം നഗരസഭ കാര്യാലയത്തിന് സമീപത്താണ് റോഡിന് മദ്ധ്യഭാഗത്തായി റോഡ് പൊട്ടിത്തകർന്ന് കുഴികൾ രൂപപ്പെട്ടത്. ശക്തമായ മഴയിൽ കുഴികളിൽ വെള്ളക്കെട്ടും ഉണ്ടായി. തിരക്കേറിയ റോഡാണ് തകർന്നു തരിപ്പണമായി കിടക്കുന്നത്. ശക്തമായ മഴ പെയ്‌തൊഴിയുമ്പോൾ നഗരത്തിലെ റോഡുകളുടെയെല്ലാം സ്ഥിതി സമാനമാണ്. റോഡിലെ ടാറിംഗ് തകർന്ന് ചെറുതും വലുതുമായ നിരവധി കുഴികളാണ് വിവിധയിടങ്ങളിൽ രൂപപ്പെടുന്നത്.
ടാറിംഗ് പേരിലൊതുങ്ങി
റീടാറിംഗ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും കണ്ണിൽ പൊടിയിടുന്നതിന് സമാനമാണ്. കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യാത്തതാണ് റോഡ് വേഗത്തിൽ തകരാൻ ഇടയാക്കുന്നത്. ചെറുതും വലുതുമായ വാഹനങ്ങളും ദീർഘദൂര വാഹനങ്ങളും കടന്നുപോകുന്ന നഗരത്തിലെ പ്രധാന റോഡാണിത്.
ഗതാഗതക്കുരുക്കും
കുഴി രൂപപ്പെട്ടതിനെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. കുഴിയിൽ അകപ്പെടാതിരിക്കാൻ ചെറുവാഹനങ്ങൾ വെട്ടിക്കുന്നത് അപകടത്തിനും ഇടയാക്കുന്നു. രാത്രികാലങ്ങളിൽ കുഴി അറിയാതെ റോഡിലൂടെ എത്തുന്ന ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കുന്നു. റോഡിലെ കുഴികളടച്ച് റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.